കോഴിക്കോട്: കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കള്‍ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസം സി.പി.എമ്മിനെ സഹായിക്കാനായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള തുടര്‍ച്ചയായ അക്രമങ്ങളുടെ പേരില്‍ കേരളത്തിലുയര്‍ന്നു വന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഒന്നാന്തരം അടവാണിതെന്നും കെ.സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സി.പി.എമ്മിന്റെ സമരങ്ങളിലെല്ലാം ഇപ്പോള്‍ ശിവസേനക്കാരും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് അവരെ വിളിക്കുന്നത് ശിവന്‍കുട്ടി സേനയെന്നാണെന്നും സുരേന്ദ്രന് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ശിവസേനക്കാർ മറൈൻഡ്രൈവിൽ നടത്തിയ അക്രമം സി. പി. എമ്മിനെ സഹായിക്കാൻ വേണ്ടിയാണ്. പോലീസ് നോക്കി നിൽക്കെയാണ് ഈ അക്രമം അരങ്ങേറിയത്. മാധ്യമങ്ങളെയെല്ലാം വിളിച്ചുവരുത്തിയാണ് അവർ ഈ അഴിഞ്ഞാട്ടം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കുമെതിരെയുള്ള തുടർച്ചയായ അക്രമങ്ങളുടെ പേരിൽ കേരളത്തിലുയർന്നു വന്ന ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഒന്നാന്തരം അടവ്. പാലക്കാട്ട് സ്വന്തം മണ്ഡലത്തിൽ രണ്ട് കൊച്ചുകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളെ പിടിക്കാൻ കഴിയാത്ത സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത ഡി. വൈ. എഫ്. ഐ നേതാവായിട്ടുള്ള ചുംബനസമര ഫെയിം എം. പി ഈ പ്രശ്നത്തിൽ പ്രതികരണവുമായി വന്നതു കണ്ടില്ലേ. ഇനി വരുന്ന കുറെ ദിവസം ഇതായിരിക്കും ചർച്ച. ഒരുപാട് സമരങ്ങൾ നടക്കും. മാധ്യമങ്ങളും ഇതായിരിക്കും ചർച്ചയാക്കാൻ പോകുന്നത്. ശിവസേനയുടെ സമീപകാല നിലപാടുകൾ വിലയിരുത്തുന്ന ആർക്കും ഇതു ബോധ്യപ്പെടും. സി. പി. എമ്മിന്രെ സമരങ്ങളിലെല്ലാം ഇപ്പോൾ അവരും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആളുകൾ ശിവസേനയെ ശിവൻകുട്ടിസേന എന്നാണ് വിളിക്കുന്നത്. പിണറായി വിജയന് കീജയ് വിളിക്കാൻ ശിവസേനയെ ഇറക്കിയത് അദ്ദേഹമായിരുന്നു.
[fb_pe url=”https://www.facebook.com/KSurendranOfficial/posts/1293379614080005″ bottom=”30″]
Discussion about this post