പനജി: ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവും മുന്കേന്ദ്രപ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീഖര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ചിന് പരീഖര്ക്കൊപ്പം മന്ത്രിമാരും ചുമതലയേല്‍ക്കും. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) നേതാവ് സുദിന് ധവാലിക്കര്‍ ഉപമുഖ്യമന്ത്രിയാകും. കഴിഞ്ഞ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഫ്രാന്‍സിസ്കോ ഡിസൂസ വിജയിച്ച മാപുസയില്‍ നിന്നാകും പരീഖര്‍ ജനവധി തേടുകയെന്ന് സൂചന.
അതേസമയം, വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭയുണ്ടാക്കാനാകാത്തതില് കോണ്‍ഗ്രസില്‍ കലഹം തുടങ്ങി. നാല്‍പ്പതംഗ നിയമസഭയില്‍ 22 പേരുടെ പിന്തുണയുമായാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 13 ബിജെപി അംഗങ്ങള്‍ക്കൊപ്പം മൂന്നു വീതം ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എംജിപി അംഗങ്ങളും, ബിജെപി പിന്തുണയുള്ള സ്വതന്ത്രന് ഗോവിന്ദ് ഗൗഡെ, സ്വതന്ത്ര എംഎല്‍എമാരായ രോഹന് ഖൗണ്ടെ, പ്രസാദ് എസ്. ഗാവോങ്കര്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ ബിജെപിക്ക് ഭൂരിപക്ഷമായി. പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ കത്തുമായാണ് ഞായറാഴ്ച പരീഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടത്.
മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഇന്നലെ പരീഖറെ ക്ഷണിച്ചു. തൂക്കുസഭയെന്ന് ഉറപ്പായപ്പോള്‍ തന്നെ പരീഖര്‍ നേതൃത്വത്തിലെത്തിയാല്‍ പിന്തുണയ്ക്കാമെന്ന് എംജിപിയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു. ഇതോടെ, ഗഡ്കരിയും പരീഖറും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന് കളിക്കാന്‍ അവസരം ലഭിക്കും മുന്‍പെ ബിജെപി കളി ജയിച്ചു. പരീഖറെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ഞായറാഴ്ച തന്നെ അനുമതി നല്കി. പരീഖര്ക്കായി മപുസ വിട്ടുനല്‍കണമെന്ന് ഡിസൂസയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. ഭൂരിപക്ഷത്തിന് നാല് അംഗങ്ങള്‍ മതിയായിരുന്നിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. പാര്‍ട്ടി ചുമതലയുമായെത്തിയ ദിഗ്വിജയ് സിങ്ങിനും കെ.സി. വേണുഗോപാല്‍ എംപിക്കും ഒന്നും ചെയ്യാനായില്ല. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഭരണം നഷ്ടപ്പെടാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ രംഗത്തെത്തി. വല്‍പോയി മണ്ഡലത്തില്‍ നിന്നു ജയിച്ച വിശ്വജിത്ത് റാണെ പാര്‍ട്ടി അംഗത്വം രാജിവച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അപമാനിക്കുന്ന നടപടിയാണ് നേതൃത്വത്തില്‍ നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കൃത്യസമയത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ നേതൃത്വത്തിനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലെയ്ഗാവ് മണ്ഡലത്തില്‍ നിന്നു വിജയിച്ച ജെന്നിഫര്‍ മോണ്സെറെയ്റ്റും നേതൃത്വത്തിനെതിരെ രംഗത്തെത്തി. ജനങ്ങള്‍ പിന്തുണ നല്‍കിയിട്ടും അത് മുതലെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ഗോവയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് നിയമസഭാകക്ഷിയാണ് കോടതിയെ സമീപിച്ചത്.
Discussion about this post