തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റുകളിലെ ഫീസ് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. സര്‍ക്കാരും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം.
ക്ലിനിക്കല്‍ പിജി കോഴ്‌സുകളില്‍ മെറിറ്റ് സീറ്റില്‍ ഫീസ് 6.5 ലക്ഷം രൂപയായിരുന്നത് 14 ലക്ഷമാക്കി ഉയര്‍ത്തി. മാനേജ്‌മെന്റ് സീറ്റുകളില്‍ 14 ലക്ഷം രൂപയായിരുന്ന ഫീസ് 17.5 ലക്ഷം രൂപയിലേക്കാണ് ഉയര്‍ത്തിയത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളജുകളിലാണ് പുതിയ ഫീസ് ബാധകം.
ക്ലിനിക്കല്‍ ഡിപ്ലോമയുടെ ഫീസ് 10.50 ലക്ഷമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫീസ് ഏകീകരണത്തിന്റെ പേരിലാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. നോണ്‍ ക്ലിനിക്കല്‍ പിജി ഡിപ്ലോമ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ ആറരലക്ഷവും മെറിറ്റ് സീറ്റുകളില്‍ രണ്ടര ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇത് എട്ടര ലക്ഷമായി ഏകീകരിച്ചു. എന്‍ആര്‍ഐ സീറ്റുകളില്‍ ക്ലിനിക്കല്‍ കോഴ്‌സുകള്‍ക്ക് 35 ലക്ഷം തന്നെയായിരിക്കും ഫീസ്.
പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളേജ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഫീസ് വര്‍ധന സംബന്ധിച്ച് തീരുമാനമായത്.
Discussion about this post