പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ പ്രസംഗത്തിലെ തീവ്രമായ മത നിലപാടുകൾ, ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെസ്വാധീനിച്ചിട്ടുണ്ടെന്ന് കുറ്റപ്പെടുത്തി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. പഹൽഗാം ഭീകരാക്രമണത്തെ കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകർക്കാനും മതപരമായ ഭിന്നത വളർത്താനും ലക്ഷ്യമിട്ടുള്ള ‘കാടത്തം’ എന്ന് മന്ത്രി കുറ്റപ്പെടുത്തി.
ടൂറിസം പ്രവർത്തനങ്ങളെ അടിച്ചമർത്താനും മതപരമായ ഭിന്നത സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ആക്രമണം. മതത്തിന്റെ ഒരു ഘടകമാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. തീവ്രമത ചിന്തകൾ വെച്ചുപുലർത്തുന്ന പാക് സൈനിക മേധാവിയാണുള്ളതെന്നും പഹൽഗാം ആക്രമണം അയാളുടെ നിലപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജയശങ്കർ വ്യക്തമാക്കി.
പഹൽഗാമിൽ ആക്രമണം നടക്കുന്നതിന് ഏതാണ്ട് ഒരാഴ്ച്ച മുമ്പ് ഏപ്രിൽ 16-നാണ് അസിം മുനീർ കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയത്. ‘ദ്വിരാഷ്ട്ര’ സിദ്ധാന്തത്തെ ആസ്പദമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മാത്രമല്ല കശ്മീർ പാകിസ്താന്റെ കഴുത്തിലെ ഞരമ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദുക്കളിൽ നിന്നും തങ്ങൾ വ്യത്യസ്ഥരാണെന്ന് പാകിസ്താനികൾ അവരുടെ കുട്ടികളെ പഠിപ്പിക്കണമെന്നും അസിം മുനീർ ആഹ്വാനം ചെയ്തു.
പഹൽഗാമിൽ ആക്രമണം നടത്തിയവരിൽ രണ്ട് പേർ പാകിസ്താൻ സ്വദേശികളും ഒരാൾ തദ്ദേശീയവാസിയുമാണെന്നാണ് കരുതുന്നത്. ഹിന്ദു മതവിശ്വാസികളായ പുരുഷന്മാരെ തോക്കിൻമുനയിൽ നിർത്തുന്നതിനു മുമ്പ് തീവ്രവാദികൾ ആദ്യം അവരുടെ മതം ഉറപ്പിച്ചതായും ജയശങ്കർ ചൂണ്ടിക്കാട്ടി പഹൽഗാം പോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Discussion about this post