ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാകിസ്താൻ ചാര സംഘടന ഐഎസ്‌ഐയുടെ പദ്ധതി തകർത്തതായി റിപ്പോർട്ട്. മൂന്ന് മാസം നീണ്ടുനിന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് രഹസ്യാന്വേഷ ഏജൻസികൾ അപകടകരമായ ചാരശൃംഖല കണ്ടെത്തുന്നത്. ഇത് നശിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പാലം വ്യോമതാവളം, സിജിഒ കോംപ്ലക്സ്, ആർമി കന്റോൺമെന്റ് ഡൽഹി കന്റോൺമെന്റ് എന്നീ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പാക് ചാരനായ അൻസാരുൾ മിയ അൻസാരി ഉൾപ്പെടെ രണ്ട് പേരെ രഹസ്യ ഓപ്പറേഷനിൽ അറസ്റ്റു ചെയ്തു. ഇയാളിൽനിന്നു വിവിധ സേനകളെ സംബന്ധിച്ച ക്ലാസിഫൈഡ് രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നുമാണു പുറത്തുവരുന്ന വിവരം. മറ്റൊരാൾ ഇന്ത്യ ആസ്ഥാനമാക്കി ലൊജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന അഖ്‌ലാഖ്യു അസം ആണ്. ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചതായാണ് വിവരം. ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചോർത്തി പാകിസ്താനിലെ തന്റെ മേലുദ്യോഗസ്ഥർക്ക് കൈമാറാനുള്ള ഉത്തരവാദിത്വമാണ് അൻസാരിയ്ക്ക് നൽകിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ യൂട്യൂബർമാരെയും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാരെയും സ്വാധീനിക്കാൻ ശ്രമിച്ചിരുന്ന ഐഎസ്ഐ ഉദ്യോഗസ്ഥരായ മുസമ്മിൽ, എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷ് എന്നിവർക്കും ഭീകരാക്രമണം നടത്താനുള്ള പദ്ധതിയിൽ പങ്കുണ്ടെന്ന് കരുതുന്നതായാണ് റിപ്പോർട്ട്.
Discussion about this post