വാഷിംഗ്ടണ്‍: 2020-ലെ ചൊവ്വ ദൗത്യവുമായി ബന്ധപ്പെട്ട് അമേരിക്ക രൂപകല്‍പ്പന ചെയ്ത ചൊവ്വ വാഹനത്തിന്റെ മാതൃക നാസ പുറത്തുവിട്ടു. നാസയുടെ ബഹിരാകാശ യാത്രികനായ സ്കോട്ട് കെല്ലിയാണ് യന്ത്രമനുഷ്യരെ ഉള്‍ക്കൊള്ളുന്ന അത്യാധുനിക പേടകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കെന്നഡി സ്പെയ്സ് സെന്റര്‍ വിസിറ്റര്‍ കോംപ്ലക്സില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.
ഫ്ളോറിഡയിലെ പാര്‍ക്കര്‍ ബ്രദേഴ്സ് കണ്‍സെപ്റ്റ്സ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ നാസയിലെ ശാസ്ത്രജ്ഞരാണ് നാലുപേര്‍ക്കിരിക്കാവുന്ന വാഹനം രൂപകല്പന ചെയ്തിട്ടുള്ളത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 700 വോള്‍ട്ട് ബാറ്ററിയില്‍ ഇലക്ട്രിക് മോട്ടറിന്റെ സഹാത്തോടെയാണ് വാഹനം പ്രവര്‍ത്തിക്കുക.
ചൊവ്വയുടെ ഉപരിതലത്തിലെ സൂക്ഷ്മാണുക്കളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്ന പേടകം ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് സാമ്പളുകളും മറ്റും ശേഖരിക്കും. നാസയുടെ റൊബോട്ടിക് പേടകമായ ‘ക്യൂരിയോസിറ്റി’ ജൈവ തന്മാത്ര, ധാതുക്കള്‍ എന്നിവയുടെ സാന്നിധ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരുന്നു.
2030-ല്‍ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള റൊബോട്ടിക് വാഹനത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നാസ ഇനിയും പുറത്തുവിട്ടിട്ടില്ല.
Discussion about this post