കൊച്ചി: പാലക്കാട് ഗോവിന്ദാപുരത്തെ ജാതി വിവേചനം നേരിടുന്ന അംബേദ്ക്കര്‍ കോളനിയിലെ ചക്കിലിയ സമുദായക്കാര്‍ക്ക് തിരികെ വീടുകളിലെത്തി താമസിക്കാനുള്ള സംരക്ഷണം പൊലീസ് നല്‍കണമെന്ന് ഹൈക്കോടതി. ഹൈക്കോടി സിംഗിള്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഡിജിപി, പാലക്കാട് എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കോളനിയില്‍ താമസിക്കുന്നവരും ചക്ലിയ സമുദായത്തില്‍പ്പെട്ടവരുമായ ശിവരാജ്, ശെന്തില്‍കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ജാതി വിവേചനവും അയിത്താചരണവും അതിനു മേല്‍ അക്രമവും നടക്കുന്നു എന്ന ആരോപണത്തെ കുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും ഗോവിന്ദാപുരം ഉള്‍പ്പെടുന്ന മുതലമട പഞ്ചായത്തിനോടും കോടതി വിശദീകരണം ചോദിച്ചു.
മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ കൗണ്ടര്‍ സമുദായക്കാര്‍ ദളിത് കുടുംബങ്ങളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളനിയിലെ താമസക്കാരായ ചക്ലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായും പറഞ്ഞിരുന്നു. അംബേദ്കര്‍ കോളനിയിലെ ഹോട്ടലുകളില്‍ ചക്ലിയ സമുദായക്കാര്‍ക്ക് പ്രത്യേക ഗ്ലാസുകളിലാണ് ചായയും മറ്റും നല്‍കുന്നതെന്നും അയിത്തം ഇവിടെ നിലനില്ക്കുന്നുവെന്നുമായിരുന്നു പരാതി.
കോളനിയിലെ കുടിവെള്ള സംഭരണിയില്‍ നിന്നും വെള്ളം എടുക്കുന്നതിനും ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2002-ല്‍ പ്രദേശത്ത് ചക്കിലിയ സമുദായക്കാര്‍ക്കു നേരെ അക്രമം നടന്നിരുന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ ഇവര്‍ക്ക് മുടിവെട്ടാന്‍ അനുമതിയുമില്ല.
Discussion about this post