കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുന്നില്‍ കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ മന്ത്രിതല സംഘം.
ഇന്ന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്.
1. അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്: സാമ്പത്തിക സഹായത്തിന് വേണ്ടി ഈ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. വേഗത്തില്‍ അംഗീകാരം ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം.
2. കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിക്കണം. കോഴിക്കോട് ജില്ലയില്‍ 200 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
3. ചെന്നൈ-ബംഗ്ളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം.
4. ഫാക്റ്റില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള യൂറിയ പ്ലാന്റ്: വളം മന്ത്രാലയം ഫാക്റ്റിന്റെ 600 ഏക്കര്‍ സ്ഥലം 1200 കോടി രൂപ വിലയ്ക്ക് കേരളത്തിന് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. എട്ട് ലക്ഷം ടണ്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്ക് വളം മന്ത്രാലയത്തിന്റെ ഫണ്ട് ലഭിക്കണം.
5. കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്സ്: കൊച്ചി റിഫൈനറിയുടെ വികസനം പൂര്‍ത്തിയാകുമ്പോള്‍ ആവശ്യത്തിന് പ്രൊപ്പിലീന്‍ ലഭ്യമാകും. അതുപയോഗിച്ച് ഫാക്റ്റിന്റെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയില്‍ കോംപ്ലക്സ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് വേഗം അംഗീകാരം ലഭിക്കണം.
6. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്. ഇന്‍സ്റ്റ്രുമെന്റേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്സ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, എച്ച്എല്‍എല്‍ തുടങ്ങിയവ കേരളത്തിലെ പ്രധാന കേന്ദ്ര പൊതുമേഖലാ കമ്പനികളാണ്. ഇന്‍സ്റ്റ്രുമെന്റേഷന്‍ ഏറ്റെടുക്കാന്‍ കേരളം തയാറാണ്. മറ്റുള്ളവ സ്വകാര്യവല്‍ക്കരിക്കരുത്.
7. കൊച്ചി സ്പെഷ്യല്‍ ഇക്കണോമിക്‍ സോണ്‍ വികസിപ്പിക്കണം: 100 ഏക്കര്‍ സ്ഥലം പൂര്‍ണമായും ഉപയോഗിച്ചുകഴിഞ്ഞു. 200 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ച് സോണ്‍ വികസിപ്പിക്കണം.
8. കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിക്കണം. 1) സബര്‍ബന്‍ റെയില്‍ പ്രൊജക്റ്റ് 2) തലശ്ശേരി മൈസൂര്‍ റെയില്‍വെ ലൈന്‍.
9. അങ്കമാലി – ശബരി റെയില്‍വെ ലൈന്‍. ശബരിമല സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കു വേണ്ടിയുളള പദ്ധതി റെയില്‍വെയുടെ 100 ശതമാനം മുതല്‍ മുടക്കില്‍ നടപ്പാക്കണം.
10. കൊച്ചി മെട്രോ രണ്ടാം ഘട്ടം: 2577 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി നഗരവികസന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
11. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ: 2015-ല്‍ നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചതാണ്. എത്രയും വേഗം അംഗീകാരം ലഭിക്കണം.
12. നവകേരളം കര്‍മപദ്ധതിയും നാലു മിഷനുകളും: ഈ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കണം.
13. എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതി: ഈ പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കണം.
14. കോവളം-കാസര്‍കോട് ജലപാതക്ക് അമ്പതുശതമാനം കേന്ദ്രസഹായം ലഭ്യമാക്കണം.
15. തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമവികസന മന്ത്രാലയത്തില്‍നിന്ന് കേരളത്തിന് 636 കോടി രൂപ കുടിശ്ശികയുണ്ട്. ഈ തുക പെട്ടെന്ന് ലഭ്യമാക്കണം.
16. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയാണ്. അവിടേക്ക് വിദേശ വിമാന കമ്പനികളെ അനുവദിക്കണം.
17. ദേശീയ ഗ്രാമീണവികസന കുടിവെളള പരിപാടി (NRDWP) പൂര്‍ത്തിയാക്കുന്നതിന് 500 കോടി രൂപ ഒറ്റത്തവണ സഹായമായി അനുവദിക്കണം.
18. അലങ്കാരമത്സ്യ കൃഷിയേയും വില്പനയെയും പ്രദര്‍ശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം മരവിപ്പിക്കണം. ലക്ഷക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം. ഇതു സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായും കേന്ദ്രം ചര്‍ച്ച നടത്തണം.
19. റബ്ബറിന്റെ താങ്ങുവില 150 രൂപയില്‍ നിന്നും 250 രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്രത്തിന്റെ സഹായം ലഭ്യമാക്കണം.
കേരളം ഉന്നയിച്ച പ്രശ്നങ്ങളോട് അനുഭാവപൂര്‍വമായ പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നുമുണ്ടായത്. വികസനരംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മതിപ്പ് പ്രകടിപ്പിച്ചു.
Discussion about this post