ജറുസലേം: ലോകം അസഹിഷ്ണുതയും വിദ്വേഷവും ഭീകരതയുമായി മല്ലിടുമ്പോള്‍ ഇസ്രയേലിന്റെ യാദ് വാഷെം സ്മാരകം സമൂഹത്തിനാകെ ഒരു കണ്ണാടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാസികള്‍ നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ആറു മില്യണോളം വരുന്ന ജൂതരുടെ ഓര്‍മയ്ക്കായുള്ള സ്മാരകമാണ് യാദ് വാഷെം.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് മോദി സ്മാരകം സന്ദര്‍ശിച്ചത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി, ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.
ജുതരുടെ സഹനശക്തിയുടെയും നൈരന്തര്യത്തിന്റെയും പ്രതീകമായ സ്മാരകം, തലമുറകള്‍ക്കപ്പുറത്തു ചുമത്തപ്പെട്ട, വാക്കുകള്‍ക്ക് അതീതമായ ക്രൂരതയുടെ ഹൃദയഭേദകമായ ഓര്‍മയാണെന്ന് മോദി സ്മാരകത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ എഴുതി. പഴയകാലത്തിന്റെ അനീതികള്‍ നമുക്ക് മറക്കാതിരിക്കാം, മനുഷ്യകുലത്തിന്മേല്‍ പതിച്ച നാശകരമായ ഫലത്തെയും മറക്കാതിരിക്കാം. പഴമയെ ഓര്‍ത്ത് നമ്മുടെ കുട്ടികളെ മനസ്സലിവുള്ളവരായും ഭാവിയെ ശരിയായി തിരഞ്ഞെടുക്കാന്‍ പ്രാപ്തിയുള്ളവരായും വളര്‍ത്താം, മോദി എഴുതി.
Discussion about this post