തിരുവനന്തപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് അറിയിച്ചു. നഴ്സുമാര്‍ സമരം ആരംഭിച്ചാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാകും. രോഗികള്‍ മരിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കാനും മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും ആശുപത്രികള്‍ അടച്ചിടുകയായിരിക്കും ഉചിതമെന്നാണ് മാനേജ്മെന്റ് അസോസിയേഷന്റെ വിലയിരുത്തല്‍. അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിച്ച് മറ്റ് രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കാനും മാനേജ്മെന്റുകള്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് നഴ്സുമാരുടെ തീരുമാനം. 20,000 രൂപ അടിസ്ഥാന ശന്പളമെന്ന ആവശ്യം അംഗീകരിക്കപ്പെടാതെ വന്നതോടെയാണ് നഴ്സുമാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം സേവനം നല്‍കാമെന്നും നഴ്സുമാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ട ശന്പള വര്‍ധനവ് ലഭിക്കുന്നില്ലെങ്കില്‍ സമരവുമായി ഏതറ്റം വരെയും പോകുമെന്ന് നഴ്സുമാര്‍ വ്യക്തമാക്കി കഴിഞ്ഞു.
നഴ്സുമാരും മാനേജ്മെന്റുകളും സമരം പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതോടെ രോഗികള്‍ എല്ലാം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തും. ഇത് സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തനവും താറുമാറാക്കും. സംസ്ഥാനത്തെ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി സര്‍ക്കാര്‍ മേഖലയ്ക്ക് ഇല്ലെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി കഴിഞ്ഞു. പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച വേതന വര്‍ധനവ് അംഗീകരിച്ച് നഴ്സുമാര്‍ സമരം അവസാനിപ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.
Discussion about this post