കൊല്‍ക്കത്ത: പദവി ഒഴിഞ്ഞാല്‍ താന്‍ ഒരു സാധാരണക്കാരനായി ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി എന്ന നിലയില്‍ തന്റെ അവസാനത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സ്വദേശമായ പശ്ചിമബംഗാളിലെ ജങ്കിപ്പുരിലായിരുന്നു പ്രണബിന്റെ രാഷ്ട്രപതിയായിട്ടുള്ള അവസാന പരിപാടി. ”ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ ഔദ്യോഗിക ചുമതലകളും ഞാനൊഴിയും, പിന്നെ ഈ രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരില് ഒരാള്‍ മാത്രമായിരിക്കും ഞാന്‍…..” പ്രണബ് പറഞ്ഞു.
രാഷ്ട്രപതിയുടെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണിലെ അദ്ദേഹത്തിന്റെ അവസാനയാത്ര കൂടിയായിരുന്നു ഇത്. ജൂലൈ 24ന് സ്ഥാനമൊഴിയുന്ന പ്രണബിന് ഇനി മറ്റു ഔദ്യോഗികപരിപാടികള്‍ ഒന്നും ബാക്കിയില്ല, അത് കൊണ്ട് തന്നെ എയര്‍ഫോഴ്സ് വണില്‍ അദ്ദേഹത്തിനായി യാത്രകളും ചാര്‍ട്ട് ചെയ്തിട്ടില്ല.
രാഷട്രപതിയെന്ന നിലയിലുള്ള അവസാന വിമാനയാത്രയില്‍ മകന് അഭിജിത്ത് മുഖര്ജിയടക്കമുള്ള അടുത്ത ബന്ധുക്കള്‍ പ്രണബിനെ അനുഗമിച്ചു. സ്ഥാനമൊഴിയുന്നതിന് മുന്‍പായി ജൂലൈ 23ന് പാര്‍ലമെന്റില്‍ എംപിമാരുടെ വക രാഷ്ട്രപതിക്ക് യാത്രയയപ്പുണ്ട്. മുഴുവന്‍ എംപിമാരും ഒപ്പിട്ട കോഫി ടേബിള്‍ ബുക്കായിരിക്കും രാഷ്ട്രപതിക്ക് സമ്മാനമായി എംപിമാര്‍ നല്‍കുക. ജൂലൈ 25നാണ് പുതിയ രാഷ്ട്രപതി സ്ഥാനമേല്‍ക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍.
അന്‍പത് വര്‍ഷത്തോളം ദേശീയരാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്ന പ്രണബ് മുഖര്‍ജി 2012ലാണ് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ചുതമലയേറ്റത്. രാഷ്ട്രപതി ഭവനെ ജനകീയമാക്കിയ രാഷ്ട്രപതി എന്ന നിലയിലാണ് അദ്ദേഹത്തെ ചരിത്രം അടയാളപ്പെടുത്തുക. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഔദ്യോഗികവസതിയാണ് ഇന്ത്യയുടെ രാഷ്ട്രപതി ഭവന്.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മില്‍ പലപ്പോഴും പല തീരുമാനങ്ങളിലും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെങ്കിലും വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് മോദിയും പ്രണബും തമ്മിലുണ്ടായത്. പലവേദികളിലും ഇരുവരും പരസ്പരം പുകഴ്ത്തി സംസാരിക്കുകയുണ്ടായി. പ്രധാനമന്ത്രിയായി ഡല്‍ഹിയിലെത്തിയ തന്നെ കൈപിടിച്ചു മുന്നോട്ട് നടത്തിയത് പ്രണബ് മുഖര്‍ജിയായിരുന്നുവെന്ന് രാഷ്ട്രപതി ഭവനില്‍ ആരംഭിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രി പദവി ഏറ്റെടുത്ത ആദ്യ ഘട്ടങ്ങള്‍ മുതല്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തന്റെ ഗുരുസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും ഭരണപരമായ കാര്യങ്ങളില്‍ തന്നെ പലപ്പോഴും അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും ഈ അടുത്ത കാലത്തും പ്രധാനമന്ത്രി സ്മരിച്ചു.
പശ്ചിമബംഗാളിലെ പൊതുപരിപാടികള്‍ക്ക് ശേഷം ഞായാറാഴ്ച്ചയാണ് പ്രണബ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.
Discussion about this post