ഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എം.പിമാര്‍ യാത്രയയപ്പ് നല്‍കും. ഇരു സഭകളിലെയും എം.പിമാര്‍ ഒപ്പിട്ട കോഫിടേബിള്‍ ബുക്കും സ്മരണികയും പ്രണബിന് നല്‍കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വക പ്രത്യേക അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ജൂലായ് 24നാണ് പ്രണബിന്റെ കാലാവധി പൂര്‍ത്തിയാകുക. 25ന് പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനമേല്‍ക്കും.
ഇന്ന് വൈകിട്ട് 5.30ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് ആതിഥ്യം വഹിക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഡോ. ഹമീദ് അന്‍സാരി, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്, ഡെപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്കൊപ്പം എം.പിമാരും പങ്കെടുക്കും. ചടങ്ങില്‍ രാഷ്ട്രപതിക്ക് സമ്മാനിക്കുന്ന കോഫിടേബിള്‍ ബുക്കില്‍ ജൂലായ് 15 മുതല്‍ എം.പിമാരുടെ ഒപ്പുകള്‍ ശേഖരിച്ചിരുന്നു. ഉപരാഷ്ട്രപതി, സ്പീക്കര്‍, പ്രധാനമന്ത്രി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ ഒപ്പുകളുണ്ട്. പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പങ്കെടുത്ത ചടങ്ങുകളിലെ ഫോട്ടോകളും പുസ്കത്തില്‍ പതിക്കും.
സ്മരണികയില്‍ ഉപരാഷ്ട്രപതിയും സ്പീക്കറും ഒപ്പിടും. ചടങ്ങില്‍ സ്പീക്കര്‍ നടത്തുന്ന പ്രസംഗം ബംഗാളിലെ കലാകാരന്മാരുടെ ചിത്രപ്പണികളുള്ള അലങ്കാര പട്ടു തുണിയില്‍ ആലേഖനം ചെയ്ത് ഉപഹാരമായി നല്‍കും. ചടങ്ങിനു ശേഷം നടക്കുന്ന ചായ സല്‍ക്കാരത്തിന് ബംഗാളി വിഭവങ്ങളാണ് വിളമ്പുക. കാലാവധി പൂര്‍ത്തിയാക്കുന്ന ദിവസമായ നാളെ രാഷ്ട്രപതി ഭവനിലും യാത്രയയപ്പും പ്രത്യേക വിരുന്ന് സത്ക്കാരമുണ്ടാകും. രാത്രി അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
ജൂലായ് 25ന് പാര്‍ലമെന്റിന്റെ സെന്‍ട്രള്‍ ഹാളില്‍ പുതിയ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രണബ് പങ്കെടുക്കും. ഇന്നലെ ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി സംഘടിപ്പിച്ച യാത്രയയപ്പ് വിരുന്നില്‍ മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും കേന്ദ്രമന്ത്രിമാരും എം.പിമാരും പങ്കെടുത്തു. പ്രണബിന്റെ സേവനങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.
Discussion about this post