കണ്ണൂര്‍: മതപഠനത്തിനെന്ന് പറഞ്ഞ് ഉദുമ കരിപ്പോടിയിലെ വീട്ടില്‍ നിന്നിറങ്ങി കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ കണ്ണൂര്‍ ബസ്സ്റ്റാന്‍ഡില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. യുവതിയെ ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം താന്‍ ആരുടെയും കൂടെ പോയതല്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞദിവസം ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കൊച്ചിയില്‍ കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് നാടകീയമായി യുവതിയെ കണ്ണൂരില്‍ കണ്ടെത്തിയത്.
ജൂലൈ പത്തിനാണ് ഇവരെ കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് കത്തെഴുതി വെച്ചാണ് വീടുവിട്ടത്. തുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണത്തിനൊടുവില്‍ 17 ദിവസത്തിനുശേഷമാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ കൂട്ടുകാരിയായ ഇരിട്ടി സ്വദേശിനിക്കും തിരോധാനത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കൂട്ടുകാരി മുങ്ങുകയായിരുന്നു.
കണ്ണൂരിലെ ഒരു യുവാവുമായി യുവതി നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. ഇരിട്ടി സ്വദേശിനിയുടെ ബന്ധുക്കളായ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇവര്‍ ഈ ദിവസംവരെ എവിടെയായിരുന്നുവെന്ന കാര്യവും മറ്റും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ വീട്ടുകാരുമായി സംസാരിച്ചശേഷമാവും കോടതിയില്‍ ഹാജരാക്കുക.
Discussion about this post