ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച സ്നേഹനിര്‍ഭരമായ സന്ദേശം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. രാഷ്ട്രപതി പദവിയിലെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ലഭിച്ച കത്ത് പ്രണബ് മുഖര്‍ജിയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
മോദിയുടെ കത്ത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചെന്ന് കത്ത് ട്വിറ്ററിലിട്ട് പ്രണബ് മുഖര്‍ജി പറയുന്നു. പ്രധാനമന്ത്രി പ്രണബിന് അയച്ച കത്തില്‍ നിന്ന്….
‘പ്രണബ് ദാ,
വ്യത്യസ്തമായ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലൂടെയാണ് നമ്മുടെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. തീര്‍ത്തും വ്യത്യസ്തമായിരുന്നു നമ്മുടെ രാഷ്ട്രീയവിശ്വാസങ്ങള്‍. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഭരണപരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ അങ്ങേയ്ക്ക് പതിറ്റാണ്ടുകളായി ദേശീയരാഷ്ട്രീയത്തില്‍ ഇടപെട്ട അനുഭവസമ്പത്തുണ്ടായിരുന്നു. പക്ഷേ അങ്ങയുടെ വിവേചനബുദ്ധിയുടേയും പ്രതിഭയുടേയും വെളിച്ചം കൊണ്ട് നമ്മുക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിച്ചു.
മൂന്നു വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ഞാന്‍ ഡല്‍ഹിയില്‍ തീര്‍ത്തും അപരിചിതനായിരുന്നു. എനിക്ക് മുന്നിലുണ്ടായിരുന്നതോ ഭാരിച്ച ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും. നിര്‍ണായകമായ ഈ ഘട്ടത്തില്‍ അങ്ങെനിക്ക് പിതൃതുല്യനായ ഒരു മാര്‍ഗ്ഗദര്‍ശിയായിരുന്നു…. രക്ഷകര്‍ത്താവായിരുന്നു.
അറിവിന്റെ കലവറയാണ് അങ്ങെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ് . അങ്ങയുടെ ബുദ്ധിസാമര്‍ഥ്യം എന്നെയും എന്റെ സര്‍ക്കാരിനെയും എന്നും തുണച്ചിരുന്നു. എന്നോടെന്നും സ്നേഹവും കരുതലും കാണിച്ചിട്ടുണ്ട് താങ്കള്‍. ദീര്‍ഘമായ യാത്രകള്‍ക്കും, പ്രചരണപരിപാടികള്‍ക്കും ശേഷം ഞാന്‍ തിരിച്ചെത്തുമ്പോള്‍ എന്റെ സുഖവിവരം അന്വേഷിച്ചു കൊണ്ടുള്ള താങ്കളുടെ ഫോണ്‍ വിളികള്‍, ”നിങ്ങള്‍ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടല്ലോ അല്ലേ …..” എന്ന വാക്കുകള്‍ അതെല്ലാം എന്റെ ഹൃദയം നിറച്ച ഓര്‍മ്മകളാണ്.
രാഷ്ട്രപതി ഭവനില്‍ അങ്ങ് നടപ്പാക്കിയ പദ്ധതികളും പരിഷ്കാരങ്ങളും അഭിനന്ദാനര്‍ഹമാണ്. രാഷ്ട്രീയമെന്നത് നിസ്വാര്‍ഥമായ സാമൂഹ്യസേവനമാണെന്ന് കരുതുന്ന തലമുറയില്‍പ്പെട്ടയാളാണ് താങ്കള്‍. വിനയാന്വിതനും, അസാധാരണ നേതൃപാടവമുള്ള ഈ നേതാവിനെ ഓര്‍ത്ത് ഇന്ത്യ എന്നും അഭിമാനിക്കും. അങ്ങയുടെ ജീവിതം ഞങ്ങള്‍ക്ക് വഴികാട്ടും. എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകണമെന്ന അങ്ങയുടെ കാഴ്ച്ചപ്പാടില്‍ നിന്നു കൊണ്ട് ഞങ്ങള്‍ മുന്നോട്ട് പോകും.
ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന അങ്ങേയ്ക്ക് ഞാന്‍ എല്ലാ ആശംസകളും നേരുകയാണ്. താങ്കള്‍ നല്കിയ പിന്തുണയ്ക്കും പ്രൊത്സാഹനത്തിനും ഒരുപാട് നന്ദി, രാഷ്ട്രപതി ഭവനിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ എന്നെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ക്കും കൃതജ്ഞത അറിയിക്കട്ടേ.
താങ്കള്‍ക്കൊപ്പം ഒരു പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു…. ജയ് ഹിന്ദ്.
On my last day in office as the President, I received a letter from PM @narendramodi that touched my heart! Sharing with you all. pic.twitter.com/cAuFnWkbYn
— Pranab Mukherjee Legacy Foundation- PMLF (@CitiznMukherjee) August 3, 2017
Discussion about this post