ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്ക് മുമ്പ് ബാങ്കുകളില്‍ എത്തിയ 1.75 ലക്ഷം കോടിരൂപയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 18 ലക്ഷത്തോളം പേരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
500-ന്റെയും 1000-ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് പിന്നാലെ മൂന്ന് ലക്ഷം കോടിവരുന്ന അനധികൃത സമ്പാദ്യം ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം നടത്തിയവര്‍ അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇത്തരം നീക്കങ്ങളുടെ ഭാഗമായി നികുതി ദായകരുടെയെണ്ണം ഇരട്ടിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. 18 ലക്ഷത്തിലേറെ പേരുടെ സമ്പാദ്യം അവരുടെ വരുമാനത്തിന് ആനുപാതികമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദിച്ചവര്‍ അത് എങ്ങനെയെന്ന് വെളിപ്പെടുത്തേണ്ടിവരും. നോട്ട് അസാധുവാക്കല്‍ നടപടി വന്‍ വിജയമായിരുന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Discussion about this post