പാലക്കാട്: നെല്ലിയാമ്പതിയിലെ വനം കൈയേറ്റം സ്ഥലം സന്ദര്‍ശിച്ചിട്ടും അറിഞ്ഞില്ലെന്ന് നെന്മാറ ഡി.എഫ്.ഒ. മേയ് നാലിന് പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ഡി.എഫ്.ഒ. വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയിലെ മറുപടിയില്‍ പറഞ്ഞിട്ടുള്ളത്. നെല്ലിയാമ്പതി ആനമടയ്ക്കും പെരിയചോലയ്ക്കും ഇടയിലുള്ളഭാഗം വനപാത കൈയേറി വീതികൂട്ടിയ വാര്‍ത്ത ജൂണ്‍ ആറിനാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ഇതേത്തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ വനംവകുപ്പ് മേധാവി എസ്.സി. ജോഷിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ജൂണ്‍ 13ന് ആദ്യഘട്ടത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, വനത്തിനുള്ളില്‍ അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രദേശം സന്ദര്‍ശിച്ചിട്ടും ശ്രദ്ധയില്‍ വന്നില്ലെന്ന വീഴ്ചയാണ് ഇതോടെ വ്യക്തമാകുന്നത്.
ഒരുലക്ഷം രൂപ ചെലവില്‍ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്നാണ് വനംവകുപ്പ് സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍, ആഴ്ചകളോളം മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് നടത്തിയ പണി ഈ തുക കൊണ്ട് തീരുന്നതല്ലെന്ന് വ്യക്തമാണ്.
സാധാരണ മൂന്നുമീറ്റര്മാത്രം വീതിയുള്ള വനപാത പലേടത്തും എട്ടുമീറ്റര്‍വരെ എത്തിയതുകണ്ട് പരിശോധനയ്ക്കിടെ വനംവകുപ്പ് മേധാവി അതൃപ്തി അറിയിക്കയും ചെയ്തിരുന്നു. മേയ് നാലിനുശേഷം ജൂണ്‍ മൂന്ന്, ഏഴ്, എട്ട്, ഒമ്പത് തീയതികളിലും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് ഡി.എഫ്.ഒ. പറയുന്നത്. ചില ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന് സ്വകാര്യവ്യക്തികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വിവരാവകാശനിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നുണ്ട്. ഗുരുതര വീഴ്ചയുണ്ടായിട്ടും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കാര്യമായ നടപടിയുണ്ടായിട്ടില്ല.
നെന്മാറ ഡി.എഫ്.ഒ. മേയില്‍ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ കിഴക്കന്‍മേഖല സി.സി.എഫും കൂടെയുണ്ടായിരുന്നു. കൈയേറ്റ കാര്യം ആദ്യം പൂര്‍ണമായി നിഷേധിച്ച വനംവകുപ്പ് വാര്‍ത്ത വന്നതോടെയാണ് നടപടിയെടുത്തത്. വിഷയത്തില്‍ 18പേരെ അറസ്റ്റുചെയ്തയുടന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. കിഴക്കന്‍മേഖല സി.സി.എഫ്. വകുപ്പുമേധാവിക്കും അഡീഷണല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ്. ആയ വടക്കന്‍മേഖലാ സി.സി.എഫിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തുടക്കം മുതലേ വനംവകുപ്പ് ഒളിച്ചുകളിക്കുന്ന വിഷയത്തില്‍ വടക്കന്‍മേഖലാ സി.സി.എഫ്. കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ബി.ജെ.പി. ജില്ലാ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ പി. രാജീവാണ് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയത്.
Discussion about this post