തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് ആളുകൾ വോട്ട് രേഖപ്പെടുത്താൻ ആരംഭിച്ചത്. വിവിധ പോളിംഗ് ബൂത്തുകളിൽ രാവിലെ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
സ്ഥാനാർത്ഥികളും, വിവിധ രംഗങ്ങളിലെ പ്രമുഖരുമെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നടനും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി സ്വന്തം പേരിൽ വോട്ട് ചെയ്തു. രാവിലെ ആറരയോടെ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ആദ്യമായിട്ടാണ് തനിക്ക് വേണ്ടി താൻ തന്നെ വോട്ട് ചെയ്യുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ താമരവിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ധനമന്ത്രി തോമസ് ഐസക്, കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എന്നിവരും വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാവിലെ തന്നെ വോട്ട് ചെയ്ത് മടങ്ങി. പറവൂർ കേസരി ബാലകൃഷ്ണപിള്ള ഹാളിൽ 109 നമ്പർ ബൂത്തിലായിരുന്നു അദ്ദേഹം വോട്ട് ചെയ്തത്.
പാണക്കാട് സാദിഖലി തങ്ങൾ, ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും വോട്ട് ചെയ്തു. ഇരുവരും പാണക്കാട് സി.കെ.എം.എൽ.പി സ്‌കൂളിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ താമരശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഇരുപത്തി അഞ്ചാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിൽ വോട്ട് ചെയ്തു.
Discussion about this post