കൊല്‍ക്കത്ത: മമത സര്‍ക്കാര്‍ വേദി നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പങ്കെടുക്കാനിരുന്ന കൊല്‍ക്കത്തയിലെ പരിപാടി ബിജെപി വേണ്ടെന്ന് വച്ചു. അമിത് ഷായുടെ മൂന്ന് ദിന സന്ദര്‍ശനത്തിന്റെ ഭാഗമായി സെപ്തംബര്‍ 12ന് നടത്താനിരുന്ന നാഗരിക് സമ്മേളനമാണ് ബിജെപി വേണ്ടെന്ന് വച്ചത്. പരിപാടിയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
കൊല്‍ക്കത്തയിലെ അമിത് ഷായുടെ പരിപാടിയില്‍ വന്‍ ജനക്കൂട്ടം പങ്കെടുക്കുമെന്നായിരുന്നു വിലയിരുത്തല്‍. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലോ, രവീന്ദ്ര സരോവര്ഡ സ്റ്റേഡിയത്തിലോ പരിപാടി നടത്താനാണ് തീരുമാനിച്ചിരുന്നത്. സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിനാല്‍ പരിപാടിയ്ക്ക് വിട്ടുനല്‍കാനാവില്ല എന്നാണ് മമത സര്‍ക്കാരിന്റെ നിലപാട്.
ബംഗാളിലെ ജനങ്ങളെ സംഘര്‍ഷമുണ്ടാക്കി ബുദ്ധിമുട്ടിക്കാനില്ല എന്നാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ചുകൊണ്ട് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗ്ഗീയ പറഞ്ഞത്. മമതയുടേത് പോലെ പ്രതികാരരാഷ്ട്രീയത്തില് ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കൈലാഷ് പറഞ്ഞു. ”ഞങ്ങള്‍ക്ക് വേദികള്‍ നിഷേധിക്കാന്‍ അവര്‍ക്ക് വകഴിയും, പക്ഷേ ജനമനസ്സുകളില്‍ ിടം നേടുന്നത് തടയാന്‍ മമതയ്ക്ക് കഴിയില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയുടെ വേദിയ്ക്കും അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ ഓഡിറ്റോറിയം വിട്ടുനല്‍കാനാവില്ല എന്നായിരുന്നു പരിപാടി റദ്ദാക്കി കൊണ്ട് സര്‍ക്കാര്‍ അറിയിച്ചത്. നേരത്തെ ജനുവരിയില്‍ മോഹന്‍ ഭാഗവത് പങ്കെടുക്കേണ്ടിയിരുന്ന റാലിയ്ക്കും കൊല്‍ക്കത്ത പോലിസ് അനുമതി നല്‍കിയിരുന്നില്ല.
ബിജെപി നേതാക്കളുടെ പരിപാടികള്‍ അലങ്കോലപ്പെടുത്തി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള നീചശ്രമമാണ് മമത ബാനര്‍ജി നടത്തുന്നതെന്നാണ് ബിജെപിയുടെ ആക്ഷേപം.
Discussion about this post