ഡല്‍ഹി: റോഹിങ്ക്യന്‍ മുസ്ളീങ്ങള്‍ ഉള്‍പ്പടെ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയ എല്ലാവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. റോഹിങ്ക്യന്‍ മുസ്ളീങ്ങള്‍ക്ക് പുറമെ ബംഗ്ളാദേശില്‍ നിന്ന് രണ്ടുകോടിയോളം മുസ്ളീങ്ങളും ഇന്ത്യയില്‍ കുടിയേറിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്.
വംശീയ അധിക്രമങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മ്യാന്മര് അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേക്ക് 40,000 ത്തോളം റോഹിങ്ക്യ മുസ്ളീം വിഭാഗക്കാര്‍ കുടിയേറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. ജമ്മുകശ്മീര്‍, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന് എന്നിവടങ്ങളിലായാണ് ഇവര്‍ താമസിക്കുന്നത്. ഇവരില്‍ ആവശ്യമായ രേഖകളില്ലാത്തവരെ തിരിച്ചയയ്ക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്.
രേഖകളില്ലാത്ത റോഹിങ്ക്യന്‍ മുസ്ളീങ്ങളെ മാത്രമല്ല, ബംഗ്ളാദേശില്‍ നിന്ന് കുടിയേറിയ 2 കോടിയിലധികം പേരില്‍ രേഖകളില്ലാത്തവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
സംരക്ഷണമാവശ്യപ്പെട്ട് റോഹിങ്ക്യ മുസ്ളീം പ്രതിനിധി മുഹമ്മദ് സലീമുള്ള സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അഭയാര്‍ത്ഥികള്‍ക്കുള്ള ഐക്യരാഷ്ട്രസഭ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സംരക്ഷണം വേണം എന്നതാണ് മുഹമ്മദ് സലീമുള്ളയുടെ ഹര്‍ജി ആവശ്യപ്പെടുന്നത്. എന്നാല്‍ ഐക്യരാഷ്ട്രസഭയുടേത് അടക്കമുള്ള രേഖകള്‍ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഭയാര്‍ത്ഥികളെ കൂട്ടത്തോടെ തിരിച്ചയക്കുന്നത് വലിയ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇത് ആദ്യമായല്ല രേഖകളില്ലാത്തവരെ തിരിച്ചയക്കുന്നതെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ മറുപടി.
Discussion about this post