കൊച്ചി: വികസനകാര്യങ്ങളില്‍ കേരളത്തിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ കണ്ണന്താനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരുമായി തനിക്കുള്ള വ്യക്തിബന്ധം ഇതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം പറഞ്ഞു.
കണ്ണന്താനത്തിന് ഉജ്ജ്വല സ്വീകരണമാണ് ബിജെപി കേരള ഘടകം ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയില്‍ റോഡ് ഷോയടക്കമുളള സ്വീകരണ പരിപാടികളാണ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം ആഘോഷിക്കാന്‍ പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്വീകരണത്തിനുശേഷം ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്കു പോകും. ഉച്ചയ്ക്ക് 1.30നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്.ശ്രീധരന്‍പിള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്യും. ഒന്‍പതു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയില്‍ സമാപിക്കും. 12നു തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 15നു കാഞ്ഞിരപ്പള്ളി പൗരാവലി സ്വീകരണം നല്‍കും.
അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്നു നിലയ്ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16നു തലസ്ഥാനത്തു സ്വീകരണം നല്‍കും.
Discussion about this post