തിരുവനന്തപുരം: ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്. ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ മറവില്‍ നടക്കുന്നതെന്നും കര്‍ശന നടപടിയെടുക്കണമെന്നും സര്‍ക്കാരിനോട് വി എസ് ആവശ്യപ്പെട്ടു.ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.
ചിട്ടിഫണ്ടുകളുടെയും സ്വര്‍ണ നിക്ഷേപങ്ങളുടെയും പേരില്‍ ഉള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകിവരികയാണ്. സെന്റ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനല്‍ ഗ്രൂപ്പ്, നിര്‍മ്മല്‍ ചിട്ടിഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്. എന്നാല്‍, ഇതിനേക്കാളെല്ലാം ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നതെന്നും സിഡി ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടറെന്നും വിഎസ് ചൂണ്ടികാണിക്കുന്നു. ഇതു സംബന്ധിച്ച് താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനും കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ, യുഡിഎഫ് സര്‍ക്കാര്‍ ഇതിന്മേല് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിഎസ് പറയുന്നു. ഈ കാലയളവിലും ലക്ഷക്കണക്കിന് ആളുകള്‍ തട്ടിപ്പിന് വിധേയരായിക്കൊണ്ടിരുന്നു.
2017 ജൂണ്‍ 30ന് കൂടിയ എസ്എല്‍സിസി യോഗത്തില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന അണ് ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപനം സ്വര്‍ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ഡിപ്പോസിറ്റ് സ്കീമുകള്‍ നടത്തുന്നതായി സെബി റിപ്പോര്‍ട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും സെബി അറിയിച്ചു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 998.4 കോടി രൂപ പൊതുജനങ്ങളില്‍നിന്ന് ഈ സ്ഥാപനം സ്വര്‍ണ നിക്ഷേപത്തിനുള്ള അഡ്വാന്‍സായി പിരിച്ചെടുത്തിട്ടുണ്ട്.
എന്നാല്‍ ഇതേ കാലയളവിലെ ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് വെറും 66.3 കോടിയാണ്. വില്‍ക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വെറും 35.26 കോടിയുടേതുമായിരുന്നു. കണക്കിലെ ഈ വലിയ അന്തരവും അതുമൂലം നിക്ഷേപകര്‍ക്ക് ഉണ്ടാകാവുന്ന ഭീമമായ നഷ്ടവും സെബി ചൂണ്ടിക്കാണിച്ചിരുന്നു. 1934ലെ ആര്‍ബിഐ ആക്റ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ നിയമവിരുദ്ധ സ്ഥാപനം ഇപ്പോഴും പരസ്യങ്ങളിലൂടെ പൊതുജനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രസ്തുത യോഗം തുടര്‍ നടപടി സ്വീകരിക്കാനുള്ള ചുമതല റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പോലീസ് വകുപ്പിനെയും ഏല്‍പ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരില്‍നിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പോലീസ് നടപടി തീരെ ശരിയല്ലെന്നും വിഎസ് ആരോപിക്കുന്നു.
സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുകയും നിയമവിരുദ്ധമായ ഈ സ്ഥാപനം അടച്ചുപൂട്ടാന്‍ വേണ്ട നടപടി സ്വീകരിക്കുകയും വേണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പതിനാറിലധികം സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റേതായി പ്രവര്‍ത്തിച്ചുവരുന്നു. അതില്‍ ഒരു സ്ഥാപനത്തിന്റെ തട്ടിപ്പാണ് ഇപ്പോള്‍ ആയിരം കോടി എന്ന് ഒദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളത് അന്വേഷണ ഘട്ടത്തിലാണ്. 2014 മുതല്‍ ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കരുത് എന്ന് താാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുവരികയാണ്. യുഡിഎഫ് സര്‍ക്കാരും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോള്‍ സെബി എന്റെ ആരോപണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
എസ്എല്‍സിസി രേഖകള്‍ ആവശ്യപ്പെട്ട എനിക്ക് രേഖകള്‍ നല്കാതിരിക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇത് അവരുടെ മനോഭാവം വെളിവാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ വിഷയത്തില്‍ മുന്‍കയ്യെടുക്കുകയും ഈ തട്ടിപ്പ് സ്ഥാപനം പൂട്ടിക്കുകയും ജനങ്ങള്‍ക്കുണ്ടായ നഷ്ടം അവരില്‍നിന്ന് ഈടാക്കുകയും വേണം.
മാധ്യമങ്ങളോടും തനിക്ക് ഒരഭ്യര്ത്ഥനയുണ്ടെന്ന് വിഎസ് പ്രസ്താവനയുടെ അടിയില്‍ പറയുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിലൂടെയുള്ള പ്രലോഭനങ്ങള്‍ക്ക് വശംവദരായി വാര്‍ത്തകള്‍ തമസ്കരിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നും നിയമവിരുദ്ധമാണെന്ന് ബോദ്ധ്യമായ ശേഷവും ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യം നല്‍കുന്നത് തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് എന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും വിഎസ് പറയുന്നു.
Discussion about this post