ചാലക്കുടി: അങ്കമാലിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോണി (ചക്കര ജോണി) അറസ്റ്റിലായി. ഇയാള്‍ക്കൊപ്പം കൂട്ടാളി രഞ്ജിത്തും പിടിയിലായിട്ടുണ്ട്. പാലക്കാട്ടുനിന്ന് ഞായറാഴ്ച രാത്രി പിടിയിലായ ഇരുവരെയും ചാലക്കുടി ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു.
ജോണിക്ക് കോടികളുടെ സമ്പാദ്യമുണ്ടെന്നും മൂന്നുരാജ്യങ്ങളിലെ വിസ ഉണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഇന്റര്‍പോളിന്റെ സഹായം തേടാനുമുള്ള നീക്കങ്ങള്‍ പോലീസ് നടത്തിയിരുന്നു.
അതിനിടെ, ജോണി കോയമ്പത്തൂര്‍ വിമാനത്താവളം വഴി രക്ഷപെടാന്‍ ശ്രമം നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് പിന്നാലെ ഉണ്ടായിരുന്നതിനാല്‍ ശ്രമം വിജയിച്ചില്ല. ദിവസങ്ങള്‍ക്കകം മുഖ്യപ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ നേട്ടമാണ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം സംഭവവുമായി ബന്ധമുള്ള നാലുപേര്‍ അറസ്റ്റിലായിരുന്നു. കൊലപാതകം നടത്തിയ സംഘത്തെ ഏകോപിച്ചത് ജോണിയാണെന്നാണ് പോലീസ് കരുതുന്നത്. കൊല്ലപ്പെട്ട രാജീവിനെതിരെ വ്യാജ പരാതികള്‍ നല്‍കിയത് ജോണിക്കൊപ്പം അറസ്റ്റിലായ രഞ്ജിത്താണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. പ്രമുഖ അഭിഭാഷകന് അടക്കമുള്ളവര്‍ക്ക് സംഭവത്തെപ്പറ്റി അറിവുണ്ടായിരുന്നുവോയെന്ന് പോലീസ് ആരായും.
കൊലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചുരുങ്ങിയ കാലയളവിനിടെയാണ് ജോണിയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ച ഉണ്ടായത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടകകെട്ടിടത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Discussion about this post