ഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജന്മനാ വിമതയാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഒരിക്കൽ ഒരു യോഗത്തിൽ നിന്ന് ക്ഷുഭിതയായി ഇറങ്ങിപ്പോയ മമത തന്നെ അപമാനിച്ചുവെന്നും പ്രണബ് പറഞ്ഞു. ‘ദ കൊയിലേഷൻ ഇയേഴ്സ്’ എന്ന തന്റെ പുസ്തകത്തിലാണ് പ്രണബ് ഇക്കാര്യം പറയുന്നത്.
‘മമത് ബാനർജിയെ വിശദീകരിക്കുക ബുദ്ധിമുട്ടാണ്, എന്നാൽ അവഗണിക്കാൻ കഴിയുകയുമില്ല’ എന്നാണ് മമതയെ മുഖർജി വിശേഷിപ്പിക്കുന്നത്. നിർഭയത്തോടെയും ആക്രമണ സ്വാഭാവത്തോടെയുമാണ് മമത അവരുടെ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിയത്. സ്വന്തം പോരാട്ടത്തിന്റെ അനന്തരഫലമാണ് അത് – പ്രണബ് പറയുന്നു. 1992-ൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ മമതാ ബാനർജി പാർട്ടി സംസ്ഥാന ഘടകത്തിൽ തുറന്ന തിരഞ്ഞെടുപ്പ് ആവശ്യപ്പെടുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് നടന്നാൽ അത് പാർട്ടിയിലെ വിഭാഗീയത പുറത്ത് വരാൻ ഇടയാക്കുമെന്നതിനാൽ അന്നത്തെ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന പി.വി.നരസിംഹ റാവു തന്നോടാണ് മമതയുമായി ചർച്ച നടത്താൻ നിർദ്ദേശിച്ചതെന്നും പ്രണബ് പുസ്തകത്തിൽ പറയുന്നു.
സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമത മുന്നോട്ട് വച്ച ചില നിർദ്ദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മമതയെ താൻ ക്ഷണിച്ചിരുന്നു. എന്നാൽ, അവർക്കെതിരെ താനടക്കമുള്ളവർ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് മമത യോഗത്തിൽ പൊട്ടിത്തെറിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട അവർ, സംഘടനാ കാര്യങ്ങളിൽ താഴേത്തട്ടിലുള്ളവർക്ക് അഭിപ്രായം പറയുന്നതിന് വേണ്ടി താൻ എന്നും നിലകൊണ്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതും പറഞ്ഞ് മമത യോഗത്തിൽ നിന്ന് കൊടുങ്കാറ്റ് പോലെ ഇറങ്ങിപ്പോയി. ആ അവസരത്തിൽ താൻ അപമാനിക്കപ്പെട്ടതായാണ് തോന്നിയതെന്നും പ്രണബ് പറയുന്നു.
Discussion about this post