ഇൻഡോർ: ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമെന്ന് ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവത്. എന്നാൽ, മറ്റുള്ളവർക്കും കൂടി ഇവിടെ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡോറിൽ ആർഎസ്എസ് പ്രവർത്തകരായ കോളജ് വിദ്യാർഥികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജർമനി ആരുടേതാണ്? ജർമൻകാരുടെ രാജ്യം. ബ്രിട്ടിഷുകാരുടേതാണ് ബ്രിട്ടൻ. അമേരിക്കക്കാരുടേതാണ് അമേരിക്ക. അതുപോലെ ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമാണ്. മറ്റ് ജനവിഭാഗങ്ങളുടേതല്ല ഈ രാജ്യമെന്ന് ഇതിനർഥമില്ല’– മോഹൻ ഭഗവത് പറഞ്ഞു. ഇന്ത്യൻ പാരമ്പര്യം അനുസരിച്ച് ജീവിക്കുന്ന, ഭാരത മാതാവിന്റെ മക്കളെല്ലാം ഹിന്ദു എന്ന വിശേഷണത്തിൽ ഉൾപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരു നേതാവിനോ പാർട്ടിക്കോ മാത്രമായി രാജ്യത്തെ ഉയർത്താനാകില്ല. അതിനു സമൂഹം തയാറെടുക്കേണ്ടതുണ്ട്. പണ്ടുകാലത്ത് ആളുകൾ വികസനത്തിനായി ദൈവത്തെയാണ് നോക്കിയിരുന്നത്. എന്നാൽ കലിയുഗത്തിൽ ജനം സർക്കാരുകളെയാണു നോക്കുന്നത്. സമൂഹം പോകുന്നതിന് അനുസരിച്ചു മാത്രമേ സർക്കാരിനും മുന്നേറാനാകൂ എന്നതാണ് യാഥാർഥ്യം– ഭഗവത് പറഞ്ഞു.
സമൂഹമാണ് സർക്കാരിന്റെ പിതാവ്. സർക്കാരിനു സമൂഹത്തെ സേവിക്കാനാകും. പക്ഷേ സമൂഹത്തിൽ മാറ്റം വരുത്താനാകില്ല. സമൂഹം സ്വയമേവയാണ് മാറ്റം സൃഷ്ടിക്കേണ്ടത്. ഈ മാറ്റമാമ് സർക്കാരിലും പ്രതിഫലിക്കുക. ഇന്ത്യയെ ശക്തിയും പുരോഗതിയുമുള്ള ‘വിശ്വ ഗുരു’ ആയി മാറ്റാൻ ഹൃദയം അർപ്പിച്ച് എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post