ചണ്ഡീഗഡ് : പഞ്ചാബും ഹരിയാനയും തമ്മിൽ ജല തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിംഗ് ശക്തമായി എതിർത്തു. അണക്കെട്ടിന് നിലവിൽ പഞ്ചാബ് പോലീസ് സുരക്ഷ ഒരുക്കുന്നുണ്ട്, പിന്നെ എന്തിനാണ് കേന്ദ്രസായുധസേനയെ വിന്യസിക്കുന്നത് എന്നാണ് ഭഗവന്ത് മാൻ സിംഗ് ചോദ്യമുന്നയിക്കുന്നത്.
ശനിയാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയം ഉന്നയിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. അണക്കെട്ടിലെ വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബും ഹരിയാനയും തമ്മിലുള്ള സംഘർഷം ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ് ഉള്ളത്. കേന്ദ്ര ഇന്റലിജൻസും സുരക്ഷാ ഏജൻസികളും കൈമാറിയ റിപ്പോർട്ട് അനുസരിച്ചാണ് പഞ്ചാബ്-ഹിമാചൽ പ്രദേശ് അതിർത്തിയിലെ നംഗലിലുള്ള അണക്കെട്ടിൽ സായുധ സേനയെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്ര വ്യാവസായിക സുരക്ഷാ സേന(സിഐഎസ്എഫ്)യിലെ 296 സൈനികരെ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഭക്ര നംഗൽ അണക്കെട്ടിൽ നിന്നുള്ള വെള്ളം പങ്കിടാൻ ആം ആദ്മി സർക്കാർ വിസമ്മതിച്ചതോടെയാണ് പഞ്ചാബും ഹരിയാനയും തമ്മിലുള്ള ജലവിഹിത തർക്കം രൂക്ഷമായത്. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെട്ടതോടെ ഇപ്പോൾ ഹരിയാനയ്ക്ക് വെള്ളം വിട്ടു നൽകുന്നുണ്ട്. ഹരിയാനയ്ക്ക് കൂടുതൽ വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ കഴിഞ്ഞ 20 ദിവസമായി നടത്തിവന്ന പ്രതിഷേധം പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി) ഇന്ന് അവസാനിപ്പിച്ചു.
Discussion about this post