കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഗീയര്‍ ബോക്സ് ഇളകി റോഡില്‍ വീണ സംഭവത്തില്‍ കാര്‍ കമ്പനിക്ക് തിരിച്ചടിയായി ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഉടമയ്ക്കു കാറിന്റെ വിലയായ 3,34,000 രൂപ തിരിച്ചു നല്കാന് ഹൊസ്ദുര്‍ഗ് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. പരാതി നല്കിയ തീയതി മുതല്‍ ഓരോ വര്‍ഷത്തേക്കും വിലയുടെ 10% വീതവും നഷ്ടപരിഹാരമായ 25,000 രൂപയും കൂടി നല്‍കാനും കോടതി വിധിച്ചു.
റിട്ട. എസ്ഐയും മടിക്കൈ സ്വദേശിയുമായ നാരായണനാണു രണ്ടു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. തുക മുപ്പതു ദിവസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2015 ഏപ്രിലില്‍ നീലേശ്വരത്തിനടുത്തു ദേശീയപാതയിലായിരുന്നു സംഭവം. കുടുംബത്തോടൊത്തു സഞ്ചരിക്കവേ ഇറക്കത്തില്‍ വച്ചു പെട്ടെന്നു കാറിന്റെ ഗീയര്‍ ബോക്സ് പൂര്‍ണമായും ഇളകി റോഡില്‍ വീഴുകയായിരുന്നു. രണ്ടു വര്‍ഷം മാത്രം പഴക്കമുള്ള കാര്‍ ഒരു മാസം മുമ്പു ഡീലറുടെ വര്‍ക് ഷോപ്പില്‍ തന്നെ സര്‍വീസും ചെയ്തിരുന്നു. മൂന്നു വര്‍ഷം ഗാരന്റിയുണ്ടായിരുന്നതിനാല് സൗജന്യമായി റിപ്പയര്‍ ചെയ്തു നല്‍കണമെന്നു ഡീലറോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തു നല്‍കാനേ സാധിക്കുകയുള്ളൂ എന്നായിരുന്നു മറുപടി. തകര്‍ന്ന റോഡില്‍ ഓടിച്ചതിനാലാണു ഗീയര്‍ ബോക്സ് ഇളകിയതെന്നുള്ള വിചിത്രവാദവും അധികൃതര്‍ ഉന്നയിച്ചു.
ഇതേത്തുടര്‍ന്നാണു നാരായണന് നിയമ പോരാട്ടം തുടങ്ങാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണു പലിശയടക്കം കാറിന്റെ മുഴുവന്‍ വിലയും മടക്കി നല്കാന് വിധിയുണ്ടായത്.
Discussion about this post