തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ”ഹരിവരാസനം” മാറ്റത്തിനൊരുങ്ങുന്നു. ഹരിവരാസനം മാറ്റിപ്പാടുന്നത് സംബന്ധിച്ച് ചര്‍ച്ചയ്ക്കായി യേശുദാസ് ശബരിമലയില്‍ എത്തും. അതിനുശേഷം, കോന്നകത്ത് ജാനകിയമ്മ രചിച്ച ഹരിവരാസനമാകും നടയടയ്ക്കുന്ന സമയത്ത് ശബരിമലയില്‍ കേള്‍ക്കുക. ജാനകിയമ്മയുടെ കൊച്ചുമകന് എ. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായതോടെയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമാകുന്നത്. വൃശ്ചികം ഇരുപതിനോ ഡിസംബര്‍ ഇരുപതിനോ യേശുദാസ് ശബരിമലയില്‍ എത്തും.
കോന്നകത്ത് ജാനകിയമ്മ രചിച്ച ഹരിവരാസനത്തിന്റെ കൈയെഴുത്തു പ്രതി മറ്റൊരു ചെറുമകന് മോഹന്‍കുമാര്‍ ശാസ്താംകോട്ട നേരത്തേ യേശുദാസിനു കൈമാറിയിരുന്നു. ”ഹരിവരാസനം വിശ്വമോഹനം, ഹരിദധീശ്വരം ആരാധ്യപാദുകം, അരി വിമര്‍ദനം നിത്യനര്‍ത്തനം, ഹരിഹരാത്മജം ദേവമാശ്രയേ” പാട്ടിന്റെ രചയിതാവിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കിടയില്‍ സാഹചര്യത്തെളിവുകള്‍ നീളുന്നത് കോന്നകത്ത് ജാനകിയമ്മയിലേക്കാണ്.
ജാനകിയമ്മ രചിച്ച ഹരിവരാസനത്തില്‍ വ്യത്യാസമുണ്ട്. ദേവസ്വം മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ കാലത്ത് ചര്‍ച്ചകള്‍ക്ക് ഏറെ പുരോഗതിയുണ്ടായി. അങ്ങനെയാണ് കൈയെഴുത്തുപ്രതി യേശുദാസില്‍ എത്തിയതും മാറ്റിപ്പാടാന് അദ്ദേഹം സന്നദ്ധത അറിയിച്ചതും.
മെരിലാന്‍ഡ് സുബ്രഹ്മണ്യം 1975-ല്‍ നിര്‍മ്മിച്ച ”സ്വാമി അയ്യപ്പന്” എന്ന സിനിമയ്ക്കുവേണ്ടി യേശുദാസാണ് ഹരിവരാസനം ആലപിച്ചത്. ചിത്രത്തിന്റെ സ്വീകാര്യത കണ്ട് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് ശബരിമലയില്‍ നട അടയ്ക്കുമ്പോള്‍ ഹരിവരാസനം കേള്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
സിനിമയിലേതില്‍ നിന്നു വ്യത്യസ്തമായി യേശുദാസ് പിന്നീടാലപിച്ച പാട്ടിന്റെ പൂര്‍ണരൂപമാണ് ശബരിമലയില്‍ കേള്‍ക്കുന്നത്.
Discussion about this post