ഡല്‍ഹി: മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കോഴിക്കോട് ജില്ലാ കളക്ടറായിരിക്കേ പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ വിവിധ പദ്ധതികള്‍ അദ്ദേഹത്തിന് കളക്ടര്‍ ബ്രോ എന്ന പേര് നേടിക്കൊടുത്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട കണ്ണന്താനം, താന്‍ മന്ത്രിയായി സ്ഥാനമേറ്റെടുത്തയുടനെ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ അഞ്ച് വര്‍ഷത്തേക്കോ മന്ത്രിയുടെ കാലാവധി അവസാനിക്കുന്നത് വരെയോ ആണ് നിയമനം.
പ്രശാന്തിനെ എത്രയും പെട്ടെന്ന് സര്‍വീസില്‍ നിന്നും വിട്ടുനല്‍കാന്‍ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരിക്കേ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന പ്രശാന്ത് നായരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാതെ അദ്ദേഹം അവധിയില്‍ പോവുകയായിരുന്നു.
Discussion about this post