സൂറത്ത്: രഞ്ജി ട്രോഫിയില്‍ സെമിഫൈനലില്‍ കടക്കാതെ കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭ 412 റണ്‍സിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. 578 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ 165 റണ്‍സിന് വിദര്‍ഭ പുറത്താക്കുകയായിരുന്നു.
20 റണ്‍സെടുക്കുന്നതിനിടയില്‍ ആറു വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. 64 റണ്‍സെടുത്ത സല്മാന് നിസാര്‍ മാത്രമാണ് ചെറുത്ത് നില്‍പ്പ്് നടത്തിയത്. ആറു ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി. സഞ്ജു സാംണ്‍ 18 റണ്‍സിലൊതുങ്ങിയപ്പോള്‍ ജലജ് സക്സേന പൂജ്യത്തിന് പുറത്തായി. 26 റണ്‍സാണ് സച്ചിന് ബേബിയുടെ സംഭാവന. 16.2 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സര്‍വാതെയാണ് കേരളത്തിന്റെ തകര്‍ച്ച എളുപ്പമാക്കിയത്. സ്കോര്‍ അഞ്ച് റണ്‍സില്‍ നില്ക്കുമ്പോള് ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. പൂജ്യനായി മടങ്ങിയ ജലജിന് പിന്നാലെ 28 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനും കൂടാരം കയറി. പിന്നീടെത്തിയ സഞ്ജുു സാംസണിനും കാര്യമായൊന്നും ചെയ്യാനായില്ല. 26 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന് ബോബിയും പുറത്തായതോടെ കേരളം തകര്‍ച്ചയിലേക്ക് വീണു.
പിന്നീട് അരുണ്‍ കാര്‍ത്തിക്കിന്റെ ഊഴമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് സമനിലയിലെത്തിക്കാമെന്ന സല്മാന് നിസാറിന്റെ പ്രതീക്ഷ കരണ്‍ ശര്‍മ്മ ഇല്ലാതാക്കി. 104 പന്ത് നേരിട്ട് 64 റണ്‍സെടുത്ത സല്മാന് കരണിന്റെ പന്തില്‍ വാംഖഡെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ കേരളം പരാജയമുറപ്പിച്ചു. ബേസില്‍ തമ്പിയും അക്ഷയ് കെ.സിയും അക്കൗണ്ട് തുറക്കാതെ വന്ന വഴിയേ പോയി. നിധീഷ് ആറു റണ്‍സിന് പുറത്തായപ്പോള്‍ സന്ദീപ് വാര്യരുടെ വിക്കറ്റെടുത്ത് സര്‍വാതെ വിദര്‍ഭയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
അവസാന ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 507 റണ്‍സെടുത്തു നില്‍ക്കെ വിദര്‍ഭ രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്സില്‍ 246 റണ്‍സടിച്ച വിദര്‍ഭ കേരളത്തെ 176 റണ്‍സിന് പുറത്താക്കി നിര്‍ണായക ലീഡ് നേടിയിരുന്നു.
Discussion about this post