തലശ്ശേരി: കതിരൂര്‍ പുല്യോടിയില്‍ ആര്.എസ്.എസ് നേതാവിന് വെട്ടേറ്റു. പൊന്ന്യം മണ്ഡല് കാര്യവാഹക് പൊന്ന്യം മലാലിലെ കുറുവാങ്കണ്ടി പ്രവീണിനാണ് (33) വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി ഏഴോടെ പുല്യോട് സി.എച്ച് നഗറിനടുത്തുവെച്ചാണ് പ്രവീണിന് നേരെ ആക്രമണമുണ്ടായത്. അഞ്ചരക്കണ്ടിയിലെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങവേ ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്. തലക്കും ഇരുകാലുകള്‍ക്കും കൈകള്‍ക്കുമാണ് വെട്ടേറ്റത്.
സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് കതിരൂര്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോഷി ജോണ്‍, കതിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ സി. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി പൊന്ന്യത്ത് ആര്.എസ്.എസ് നേതാവിന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ചൊവ്വാഴ്ച വീണ്ടും ആക്രമണമുണ്ടായത്. ആര്.എസ്.എസ് പൊന്ന്യം മണ്ഡലം ശാരീരിക് പ്രമുഖ് ശ്രീജിലിന്റെ മലാലിലെ ശ്രീജി നിവാസിന് നേരെയാണ് ഞായറാഴ്ച രാത്രി പത്തരയോടെ ബോംബേറുണ്ടായത്. ഇന്നലെ വെട്ടേറ്റ പ്രവീണ്‍ നേരത്തെ രാഷ്്ട്രീയ അക്രമക്കേസുകളില്‍ പ്രതിയാണെന്ന് കതിരൂര്‍ പൊലീസ് പറഞ്ഞു.
Discussion about this post