തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയാനില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിക്കുകയും പരിഹസിക്കുകയാണെന്നും കണ്ണന്താനം പറഞ്ഞു. മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്മേക്കര്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മന്ത്രിയായതിനു പിന്നാലെ കണ്ണന്താനം നടത്തിയ പല പ്രസ്താവനകളും സോഷ്യല്‍മീഡിയയില്‍ ട്രോളുകളായി മാറിയിരുന്നു. കണ്ണന്താനത്തിന്റെ ബീഫ് നിയന്ത്രണത്തിനെക്കുറിച്ചുള്ള പ്രതികരണവും പെട്രോള്‍ വിലവര്‍ധന സംബന്ധിച്ച പ്രസ്താവനയ്ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് ഇനി അഭിപ്രായ പ്രകടനത്തിനു താനില്ലെന്ന് മന്ത്രി പറഞ്ഞത്.
‘എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടൂറിസം മെച്ചമാണെന്ന്. അതല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല. കാരണം നിങ്ങള്‍ സമ്മതിക്കില്ല. എന്തുപറഞ്ഞാലും അതിനെ വളച്ചൊടിക്കും’ കണ്ണന്താനം പറഞ്ഞു.
സമ്പന്നനാണ് പെട്രോള്‍ അടിക്കുന്നത് താന്‍ പറഞ്ഞിട്ടില്ലെന്നും എന്തിനാണ് നികുതി പിരിക്കുന്നത് എന്നും അത് പാവങ്ങളുടെ വെല്‍ഫെയറിന് വേണ്ടിയാണെന്നുമാണ് പറഞ്ഞതെന്നും അതിന് തനിക്ക് നേരിടേണ്ടി വന്നത് അസഭ്യവര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ പലതും വിവാദമാക്കുകയായിരുന്നെന്നും. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണന്താനം മന്ത്രി പദവിയിലെത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പ്രസ്താവനയും ട്രോളുകളില്‍ നിറഞ്ഞിരുന്നു. നേരത്തെ ഇതിനെതിരെയും കണ്ണന്താനം രംഗത്തെത്തിയിരുന്നു.
Discussion about this post