കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഭാനേതൃത്വത്തെ വിമര്‍ശിച്ച് കത്തോലിക്കാസഭയുടെ എറണാകുളം അതിരൂപതയുടെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാരികയായ ‘സത്യദീപം’ രംഗത്ത്. ഭൂമിയിടപാടില്‍ സഭയ്ക്ക് സംഭവിച്ച വീഴ്ച ഏറ്റുപറയണമെന്ന് വാരികയുടെ ഈ ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. പിഴവുകള്‍ പറ്റിയെന്ന ആത്മാര്‍ത്ഥതയോടെയുള്ള മാര്‍പാപ്പമാരുടെ ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ സഭയുടെ യശസ് ഉയര്‍ത്തിയിട്ടേയുള്ളൂവെന്നും വാരികയില്‍ പറയുന്നു.
സംഭവിച്ച കാര്യങ്ങളെയും വസ്തുതകളെയും തെറ്റുകളെയും പൊതുജനമദ്ധ്യത്തില്‍ കൊണ്ടുവന്നു വിഴുപ്പലക്കരുത് എന്നുപറയുമ്പോള്‍ത്തന്നെ തുറന്നുപറയേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിക്കുന്നത് കാലത്തിനു യോജിച്ചതല്ല. സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാമെന്നിരിക്കെ സഭയുടെ പ്രതിച്ഛായയെക്കുറിച്ചും സല്‌പേരിനെ കുറിച്ചും ആകുലപ്പെട്ട് യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കുന്നതു ശരിയല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഭൂമി ഇടപാടു വിവാദം അന്വേഷിക്കാനും പരിഹാരം തേടാനുമുള്ള മാര്‍ഗങ്ങള്‍ ഔദ്യോഗിക തലത്തില്‍ ആരംഭിച്ചത് സത്യത്തെ വെളിച്ചത്ത കൊണ്ടുവരാനുള്ള വൈദിക നേതൃത്വത്തിന്റെ ധീരതയാണ് വ്യക്തമാക്കുന്നത്. ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് മെത്രാന്മാരടങ്ങി കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്. വസ്തുതകളെ മൂടിവയ്ക്കാനും തെറ്റുകളെ ഒതുക്കിത്തീര്‍ക്കാനുമല്ല, ഏറ്റുപറച്ചിലുകള്‍ക്കും തുടര്‍നടപടികള്‍ക്കും ക്ഷതം പരിഹരിക്കാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കും ഇവരുടെ ഇടപെടലുകള്‍ ഉപകരിക്കണമെന്നും വാരികയില്‍ പറയുന്നു.
Discussion about this post