അഗര്‍ത്തല: സി.പി.എം കോട്ട എന്ന വിശേഷണമിനി ത്രിപുരയ്ക്ക് ചേരില്ലെന്ന മുന്നറിയിപ്പ് നല്കി തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുകയാണ് ബിജെപി. ആവേശം പടര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. സിപാഹിജാല ജില്ലയിലെ സോനാമുറയിലും ഉനാകോട്ടി ജില്ലയിലെ കൈലാശഹറിലുമാണ് മോദിയുടെ പരിപാടികള്‍.സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ബംഗ്ലദേശുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം ത്രിപുരയില്‍ ഇത് ആദ്യമായാണ് മോദി ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിപാടിയില്‍ ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംസ്ഥാനത്തെ ബി.ജെ.പി വക്താവ് മൃണാല്‍ കാന്തി പറഞ്ഞു.
ഗോത്രവര്‍ഗക്കാരായ വോട്ടര്‍മാര്‍ തങ്ങളുടെ ഒപ്പമുണ്ടെന്നും അവരില്‍ ഭൂരിഭാഗം പേരും ഇന്നത്തെ റാലിയില്‍ പങ്കെടുക്കുമെന്നും കാന്തി പറയുന്നു. ചില ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വ്വേകളില്‍ ബിജെപി ത്രിപുരയില്‍ ഭരണം പിടിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇത് സിപിഎം കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഭരണം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസം സിപിഎം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ത്രിപുര ഇളകാത്ത കോട്ടയെന്ന അവകാശവാദം ഇനി എത്രനാള്‍ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.
ത്രിപുരയില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം വച്ച ശക്തമായ പ്രചാരണമാണ് ബി.ജെ.പി സംസ്ഥാനത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ നേരത്തെ തന്നെ സംസ്ഥാനത്ത് എത്തി കര്‍മ്മപരിപാടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടു ശതമാനം മാത്രം വോട്ട് നേടിയ ബി.ജെ.പി ഒരു ദിവസം നേരം വെളുത്തപ്പോള്‍ പ്രധാന പ്രതിപക്ഷമായി മാറിയത് വരാന്‍ പോവുന്ന രാഷ്ട്രീയ നീക്കത്തിന്റെ ചുവട് വയ്പ്പ് കൂടിയായാണ് നിരീക്ഷകര്‍ കാണുന്നത്.
Discussion about this post