ഡല്‍ഹി: ഇന്ത്യയില്‍ ഉത്പാദന മേഖല മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നപ്പോള്‍ അയല്‍രാജ്യമായ ചൈനയില്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തിയെന്ന് സര്‍വ്വേ. എച്ച്എസ്ബിസിയുടെ പുതിയ സാമ്പത്തിക സര്‍വ്വേയാണ് ചൈനയിലെ സാമ്പത്തിക മാന്ദ്യത്തില്‍ ആശങ്ക പുലര്‍ത്തുന്നത്. എച്ചഎസ്ബിസിയുടെ പര്‍ച്ചേസിങ് മാനേജേഴ്സ് ഇന്‍ഡക്സ് 49.2 ശതമാനമായി താഴ്ന്നു. പ്രതീക്ഷിച്ചിരുന്നതിലും 49.6 ശതമാനത്തിലും കുറവാണിത്. സൂചിക 50 ല്‍ താഴെയാകുന്നത് സാമ്പത്തിക മേഖല നേരിടുന്ന വെല്ലുവിളികളുടെ സൂചനയാണ് എന്നാണ് വിലയിരുത്തല്‍.
അതേസമയം ഇന്ത്യയിലെ വ്യാവസായികോല്പ്പാദനംഫെബ്രുവരിയില് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കിലെത്തിതായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നുമാസത്തെ വേഗമേറിയ വളര്‍ച്ചയാണ് ഉല്‍പ്പാദനമേഖല രേഖപ്പെടുത്തിയത്. നിര്‍മ്മാണരംഗത്തും വൈദ്യുതോല്പ്പാദനത്തിലുമുണ്ടായ ഉയര്‍ച്ച മൊത്തം ഉല്‍പ്പാദനത്തില്‍ പ്രതിഫലിക്കുകയായിരുന്നു. മുന്‍ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 5 ശതമാനം കൂടിയ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ജനുവരിയില്‍ 2.8 ശതമാനമായിരുന്ന വളര്‍ച്ച ഫെബ്രുവരിയില്‍ 3.3 ശതമാനമായി കുടി. ക്രൂഡോയില്‍ വിലയിലുണ്ടായ കുറവ് ഉല്‍പ്പാദന മേഖലയ്ക്ക് അനുകൂലമായി മാറിയെന്നാണ് വിലയിരുത്തല്‍. മികച്ച ധനനയവും സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇടയായി.
ലോകത്തെ രണ്ടാമത്തെ സമ്പദ് ശക്തിയായ ചൈനയില്‍ ഉയര്‍ന്നു വരുന്ന തകര്‍ച്ച ആഗോള സാമ്പത്തികരംഗത്തും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്കി. പ്രമുഖ ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ ചൈന കുറവു വരുത്തിയതും ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. 2008ലെ മാന്ദ്യത്തിനു ശേഷം ആദ്യമായാണ് ചൈന അടിസ്ഥാനനിരക്കുകള്‍ ഇത്രയും താഴ്ത്തി നിശ്ചയിക്കുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തിയതും നയരൂപീകരണത്തില്‍ ജാഗ്രത വേണമെന്ന സൂചനകള്‍ നല്കുന്നു.
Discussion about this post