ഡല്‍ഹി: യൂറോപ്പിലെ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി മാറാന്‍ ഫ്രാന്‍സ് ആഗ്രഹിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ രംഗത്തുള്‍പ്പെടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവച്ചു. സൈനികേതര ആണവ സഹകരണം, സൗരോര്‍ജം, റെയില്‍വേ, മെട്രോ റെയില്‍, ബഹിരാകാശം, നാവിക സഹകരണം തുടങ്ങിയ നിരവധി കരാറുകള്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പിട്ടു. 40 ഓളം വ്യവസായ പ്രമുഖരാണ് ഇമ്മാനുവല്‍ മക്രോണിനൊപ്പം ഇന്ത്യയിലെത്തിയിട്ടുള്ളത്.
ദക്ഷിണേഷ്യയിലെ തങ്ങളുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. അതേപോലെ യൂറോപ്പിലെ ഇന്ത്യയുടെ പങ്കാളിയാകാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കി .
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ് എന്നിവര്‍ ചേര്‍ന്നു രാഷ്ട്രപതി ഭവനില്‍ മക്രോയ്ക്കും ഭാര്യ മേരി ക്ലോഡ് മക്രോയ്ക്കും നല്കിയ സ്വീകരണത്തിനു ശേഷമായിരുന്നു ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണു മക്രോ ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലൂടെ പുതിയ കാലഘട്ടത്തിനാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നതെന്നും ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സിനെ സംബന്ധിച്ച് ഇന്ത്യ എപ്പോഴും പ്രധാനപ്പെട്ട രാജ്യം തന്നെയാണ്. ഇന്ത്യ മേഖലയിലെ ഫ്രാന്‍സിന്റെ സഖ്യകക്ഷിയും ദക്ഷിണേഷ്യയിലേക്കുള്ള തങ്ങളുടെ പ്രവേശനകവാടവുമാണെന്നും അദ്ദേഹം പറഞ്ഞു, യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടമായി മാറാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം രാഷ്ട്രപതി ഭവനില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പറഞ്ഞിരുന്നു.
Discussion about this post