ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി സംസ്ഥാനത്തെ ഡി.ജി.പിയായ ഓം പ്രകാശ് സിംഗിന്റെ പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി ഒരു കേസിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ ഗൊരഖ്പൂരിലെ സീനിയര്‍ പോലീസ് സൂപ്രണ്ടിന് ഉത്തരവിട്ടു. തന്റെ ജ്യേഷ്ഠന്റെ കൈയ്യില്‍ നിന്നും ഒരാള്‍ 45,000 രൂപ തട്ടിയെടുത്തു എന്ന പേരിലുള്ള കേസിന്റെ നടപടികള്‍ വേഗത്തിലാക്കാനാണ് വിദ്യാര്‍ത്ഥി ട്വീറ്റ് ചെയ്തത്.
വിദ്യാര്‍ത്ഥിയുടെ മൊഴിയനുസരിച്ച് മഹാരാജ്ഗംജ് നിവാസിയായ സാദിഖ് അന്‍സാരിയെന്നയാള്‍ വിദ്യാര്‍ത്ഥിയുടെ ജ്യേഷ്ഠന് ദുബായില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം ചെയ്ത് 45,000 രൂപ ജ്യേഷ്ഠന്റെ കൈയ്യില്‍ നിന്നും വാങ്ങുകയായിരുന്നു. പിന്നീട് സാദിഖ് അന്‍സാരിയുടെ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം ഗുല്‍ഹാരിയ ബസാര്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയൊന്നും എടുത്തില്ലായെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.
തന്റെ ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നാണ് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങാന്‍ ഉള്ള ഉപായം കിട്ടിയതെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കി. സംഭവം അറിഞ്ഞ പോലീസ് സാദിഖ് അന്‍സാരിയെ കണ്ടെത്തി അയാളുടെ കൈയ്യില്‍ നിന്നും 30,000ത്തോളം രൂപ വാങ്ങിയെടുത്തു. വ്യാജ അക്കൗണ്ടിനെപ്പറ്റി ഡി.ജി.പിയോട് ഗൊരഖ്പൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. ഡി.ജി.പി ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ ഒരു പരാതി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post