സംസ്ഥാനത്ത് നിപ വൈറസ് പിടി വിടുന്നില്ല. ഏഴു ജില്ലകളിലായി 29 പേരാണ് പനി സംശയിച്ച് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. നിപ വൈറസ് ബാധയേറ്റ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍കൂടി വ്യാഴാഴ്ച മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.
പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ടിയില്‍ മൂസ(62)യാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഇതോടെ നിപ വൈറസ് ബാധയേറ്റ് മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ഇതില്‍ എട്ടുപേര്‍ കോഴിക്കോട് ജില്ലക്കാരും മൂന്നുപേര്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരുമാണ്.
നിപയാണെന്ന് സാമ്പിള്‍ പരിശോധിച്ചുറപ്പിക്കാനാവാത്ത ഒരുമരണം കൂടിയുണ്ട്. കോഴിക്കോട്ട് ആദ്യം മരിച്ച സാബിത്തിന്റേതാണ് ഇത്. ഇതുകൂടിയാകുമ്പോള്‍ മരിച്ചവരുടെ എണ്ണം 12 ആയി.
29 പേരാണ് വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. കോഴിക്കോട് -11, മലപ്പുറം -ഒമ്പത്, എറണാകുളം -നാല്, കോട്ടയം -രണ്ട്, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് -ഓരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്. ഇതിനുപുറമേ, 14 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ പത്തുപേര്‍ കോഴിക്കോട്ടും നാലുപേര്‍ മലപ്പുറത്തുമാണ്.
രോഗംബാധിച്ചവരുമായി സമ്പര്‍ക്കത്തിലായിരുന്ന കൂടുതല്‍ പേര് നിരീക്ഷണത്തിലാണ്. കൂടുതല്‍പേരെ നിരീക്ഷിക്കാനായി റവന്യൂ, ആരോഗ്യവകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും. ഇതിനായി ആശ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പരിശീലിപ്പിക്കും. 160 പേരുടെ സാമ്പിളുകളാണ് മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
Discussion about this post