മുസാഫര്‍ഗനര്‍: 1999 ജൂണ്‍ 12ന് രാത്രി കേട്ട വാര്‍ത്ത ഇപ്പോഴും ഹിതേജ് കുമാറിന്റെ നെഞ്ചില്‍ നിന്നും മാറിയിട്ടില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പോരാടി മരിച്ച പിതാവിന്റെ ചിത്രത്തിനു മുന്പില് നിന്ന് അന്ന് എടുത്ത പ്രതിജ്ഞ ഇന്ന് ഹിതേജ് നിറവേറ്റി. പിതാവ് സേവനമനുഷ്ഠിച്ചിരുന്ന രജ്പുത്ന റൈഫിള്‍സില്‍ ലഫ്റ്റനന്റ് ആയി 19 വര്‍ഷത്തിനു ശേഷം ഹിതേജ് ചുമതലയേറ്റു.
രജ്പുത്ന റൈഫിള്‍സിലെ രണ്ടാം ബറ്റാലിയനില്‍ ലാന്‍സ് നായിക് ആയിരുന്നു ഹിതേഷിന്റെ പിതാവ് ബച്ചന് സിംഗ്. കാഗിലിലെ തുലോലിങിലാണ് രക്തസാക്ഷിയായത്. കഴിഞ്ഞ ദിവസം ഡെറാഡൂണിലെ ഇന്ത്യന മിലിട്ടറി അക്കാദമിയില്‍ നിന്നണ് ഹിതേഷ് കുമാര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. പാസിംഗ് ഔട്ട് പരേഡിനു ശേഷം ആദ്യം ഓടിയെത്തിയതും പിതാവിന് ആദരവ് അര്‍പ്പിക്കാനായിരുന്നു. മുസാഫര്‍ഗനറിലെ സിവില്‍ ലൈന്‍സിലാണ് ബച്ചന് സിംഗിന്റെ സ്മാരകം.
സൈനികനാവുക എന്ന സ്വപ്നം 19 വര്‍ഷത്തിനു ശേഷം താന്‍ നേടിയെന്ന് ഹിതേഷ് കുമാര്‍ പറഞ്ഞു. തന്റെ അമ്മയുടെ വലിയ സ്വപ്നം കൂടിയായിരുന്നു ഇത്. അഭിമാനത്തോടെയും സത്യസന്ധതയോടെയും രാജ്യത്തെ സേവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഹിതേഷ് പറഞ്ഞു.
പിതാവിന്റെ വിയോഗത്തിനു ശേഷം ചെറിയ കുട്ടികളെ വളര്‍ത്താന്‍ ഏറെ പാടുപെട്ടു. ഇപ്പോള്‍ മകന് സൈന്യത്തില്‍ ചേര്‍ന്നതില്‍ അഭിമാനമുണ്ട്. ഇളയ മകനും സൈന്യത്തില്‍ ചേരുന്നതിനുള്ള പരിശീലനത്തിലാണെന്നും അമ്മ കമേശ് ബാല പറഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നും താന്‍ അവരില്‍ നിന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഗില്‍ യുദ്ധത്തിനിടെ ഇന്ത്യന്‍ സേനയ്ക്ക് കനത്ത ആള്‍നാശമുണ്ടായ മേഖലയാണ് തുലോങ്. ഇവിടം പിടിച്ചെടുത്ത രജ്പുത്ന റൈഫിള്‍സിനു നേര്‍ക്ക് പാകിസ്താന് സേന കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ആ ഒറ്റദിവസംമാത്രം ഇവിടെ ബച്ചന് സിംഗ് അടക്കം 17 സൈനികരാണ് വീരമൃത്യുവരിച്ചത്. മൂന്നാഴ്ചയോളം നീണ്ട പോരാട്ടത്തില്‍ 100 ഓളം സൈനികരാണ് ഇവിടെ രക്തസാക്ഷികളായത്. ബറ്റാലിയനിലെ സെക്കണ്ട് കമാന്‍ഡ് അടക്കം മരണമടഞ്ഞിരുന്നു.
Discussion about this post