ജയ്പൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 250 സീറ്റുകൾ പോലും നേടാൻ കഴിയില്ലെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിലെ 25 ലോകസഭാ മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി പൂർത്തിയായതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ആയിരുന്നു അശോക് ഗെഹ്ലോട്ട് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 400 സീറ്റുകൾ വേണമെന്നാണ് അവർ ആഗ്രഹിക്കുന്നത്, എന്നാൽ 250 സീറ്റുകൾ പോലും അവർക്ക് നേടാൻ കഴിയില്ല എന്നാണ് അശോക് ഗെഹ്ലോട്ട് സൂചിപ്പിച്ചത്.
രാജസ്ഥാനിൽ മാത്രമല്ല ഇന്ത്യയിൽ ആകെയും കോൺഗ്രസിന് വലിയ ശുഭപ്രതീക്ഷയാണ് ഉള്ളത് എന്നും അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. ബിജെപി തങ്ങളുടെ ഭരണം മികച്ചതാണെന്ന് കാണിക്കാനായി പല ശ്രമങ്ങളും നടത്തി. എന്നാൽ അവയൊക്കെയും പരാജയപ്പെട്ടു. നിലവിൽ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് ഉള്ളത്. ബിജെപിയുടെ എല്ലാ അവകാശവാദങ്ങളും കോൺഗ്രസ് അവസാനിപ്പിക്കും എന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ധ്രുവീകരിക്കാനുള്ള ശ്രമങ്ങൾ ആണ് ബിജെപി പരോക്ഷമായി നടത്തിയത്. പ്രകടനപത്രികയെ ബിജെപി വിമർശിച്ചത് കാരണം ആ പ്രകടനപത്രിക കൂടുതൽ പേർ വായിച്ചു. രാഹുൽ ഗാന്ധിയുടെ റാലികളിൽ പോലും വലിയ ജനപങ്കാളിത്തമാണ് ഉള്ളത്. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ കോൺഗ്രസിന്റെ വാഗ്ദാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്തെ ജനവികാരം കോൺഗ്രസിന് അനുകൂലമാണ് എന്നും അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.
Discussion about this post