മാനന്തവാടി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സുരക്ഷ ഒരുക്കുന്നതില്‍ കേരള പോലിസിന് വലിയ വീഴ്ച പറ്റിയത് വിവാദമായി. പോലിസിന്റെ വീഴ്ച മൂലം വാഹനം വഴി തെറ്റി കേന്ദ്രമന്ത്രി സഞ്ചരിച്ചത് 10 കിലോമീറ്ററോളം ദുരമാണ്. കുറുവാ ദ്വീപിലെത്തേണ്ട മന്ത്രിയെ എത്തിച്ചതാകട്ടെ മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്ന വനപ്രദേശത്തും.
പോലീസുകാര്‍ തന്നെ വഴിതെറ്റിച്ചതാണെന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ആരോപിച്ചതോടെ പോലിസ് വെട്ടിലായി. ബുധനാഴ്ച്ച കല്പറ്റയിലെ വയനാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത ശേഷം മന്ത്രി കുറുവാ ദ്വീപിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം ജില്ലാ ടൂറിസം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള യാത്രക്കിടെ വാഹനത്തിന് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് 12.30-ഓടെ കല്പറ്റയില് നിന്ന് പുറപ്പെട്ട വാഹനം പനമരം കൊയിലേരി പയ്യമ്പള്ളി വഴി പാല്‍വെളിച്ചത്തായിരുന്നു എത്തേണ്ടത്. എന്നാല്‍, വാഹനം പനമരത്തുനിന്ന് പുഞ്ചവയല്‍- നീര്‍വാരം വഴി പുല്പള്ളി വനമേഖലയിലാണെത്തിയത്. വഴിതെറ്റിയ കാര്യം ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചിട്ടും പോലിസ് അവഗണിച്ചതും വിവാദത്തിന് ചൂടു പകര്‍ന്നു.
പനമരത്തുനിന്നുതന്നെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അകമ്പടിപോയ പോലീസ് വാഹനം ഇതൊന്നും കാര്യമാക്കിയില്ലാ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അബദ്ധം മനസ്സിലാക്കിയ അകമ്പടി വാഹനം തിരിച്ച് പയ്യമ്പള്ളി- പാല്‍വെളിച്ചം വഴി കുറുവാ ദ്വീപിലെത്തിയപ്പോഴേക്കും അരമണിക്കൂറോളം വൈകിയിരുന്നു. പോലീസുകാര്‍ വഴി തെറ്റിച്ചതുകൊണ്ടാണ് പരിപാടിക്കെത്താന്‍ വൈകിയതെന്ന മന്ത്രി യോഗത്തില്‍ തുറന്നടിച്ചതോടെ പോലിസ് വെട്ടിലായി. ബിജെപി നേതാക്കളായ കേന്ദ്രമന്ത്രിമാര്‍ക്കും ഉന്നതര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ ഉള്ള വീഴ്ച പതിവാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. കനത്ത സുരക്ഷാ ഭീഷണിയുള്ള മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ശബരിമല കാനനപാതിയിലൂടെ ഇരുട്ടില്‍ നടക്കേണ്ടി വന്ന സംഭവം വിവാദമായിരുന്നു. വൈദ്യതി അണച്ചതിനാല്‍ ഇരുട്ടില്‍ മൊബൈല്‍ വെളിച്ചത്തിലാണ് മിസോറാം ഗവര്‍ണര്‍ മലയിറങ്ങിയത്. ലളിത ജീവിതത്തിന് ഉടമയായ മിസോറാം ഗവര്‍ണര്‍ പരാതി നല്കാത്തതിനാല് പോലിസ് രക്ഷപ്പെടുകയായിരുന്നു.
Discussion about this post