ഹൈദരാബാദ്: നോട്ട് നിരോധനം കൊണ്ട് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെന്നും എല്ലാ വമ്പന്മാരും കള്ളപ്പണം വെളുപ്പിച്ചെടുത്തു എന്നുമായിരുന്നു മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാനവിമര്‍ശനം. ബാങ്കിലിട്ട പണമെല്ലാം വെളുപ്പിച്ചതെന്ന മട്ടിലായിരുന്നു പ്രചരണം. എന്നാല്‍ ബാങ്കില്‍ കണക്കില്‍ പെടാത്ത പണമിട്ടവരും, ഇല്ലാത്ത കമ്പനികളുടെ പേരില്‍ പണം നിക്ഷേപിച്ചവരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
നോട്ട് നിരോധനത്തിന് പിന്നാലെ സംശയാസ്പദമായ രീതിയില്‍ കോടിക്കണക്കിന് രൂപ ബാങ്കില്‍ നിക്ഷേപിച്ച 18 കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടുന്ന ഹൈദരാബാദിലെ ഒരു കമ്പനി വെളുപ്പിച്ചെടുത്തത് 3178 കോടി രൂപയാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇറഗഡ്ഡ ആസ്ഥാനമായിട്ടുള്ള ഡ്രീംലൈന്‍ മാന്‍പവ്വര്‍ സൊല്യൂഷന്‍സ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ആ പേരിലൊരു കമ്പനി അവിടെ പ്രവര്‍ത്തിച്ചിട്ടേയില്ലെന്നതാണ് വസ്തുത.3178 കോടി രൂപ നിക്ഷേപിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിക്കുകയും ചെയ്തതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് (എസ്എഫ്ഐഒ) ആയിരുന്നു അന്വേഷണച്ചുമതല. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കമ്പനി കടലാസ്സില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന് മനസ്സിലായി.
മാന്‍പവ്വര്‍ സൊല്യൂഷന് എന്ന പേര് കമ്പനി നിത്യാങ്ക് ഇന്‍ഫ്രാപവ്വര്‍ ആന്റ് മള്‍ട്ടി വെഞ്ച്വേഴ്സ് എന്ന് മാറ്റിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ടാക്സ് കണ്‍സള്‍ട്ടന്‍സി, നിയമസഹായം, ഓഹരി മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്പനി രേഖകളില്‍ നല്‍കിയിരിക്കുന്ന വിവരം. 2017-18 വര്‍ഷത്തെ നികുതി വരെ കമ്പനി അടച്ചിട്ടുണ്ട്. സൂരജ് കുമാര്‍ യാദവ്, ഹിതേഷ് മനോഹര്‍ എന്നിവരാണ് രേഖകള്‍ പ്രകാരം കമ്പനി ഡയറക്ടര്‍മാര്‍. എന്നാല്‍, രേഖകളിലുള്ള മേല്‍വിലാസത്തില്‍ അങ്ങനെയൊരു കമ്പനി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.
കമ്പനി നല്കിയ മേല്‍വിലാസത്തിലുള്ളത് ഒരു ഫ്ളാറ്റാണ്. അങ്ങനെയൊരു കമ്പനിയെക്കുറിച്ചോ ആള്‍ക്കാരെക്കുറിച്ചോ തങ്ങള്‍ക്ക് അറിവില്ലെന്ന് അവിടെ താമസിക്കുന്നവരും പറയുന്നു. യെസ് ബാങ്കില്‍ നിന്ന് 1700 കോടി രൂപ കമ്പനി വായ്പയെടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം പിടിച്ചെടുക്കല്‍ നടപടി കേന്ദ്രം ശക്തമായി തുടരുകയാണ്. ഒരു ബാങ്കിലും കള്ളപണ നിക്ഷേപം ഇല്ലാത്ത അവസ്ഥയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Discussion about this post