വിജയ് മല്യയെ കാത്തിരിക്കുന്നത് കസബിനെ പാര്‍പ്പിച്ച 12-നമ്പര്‍ ബാരക്ക്, ബ്രിട്ടനിലെ മജിസ്ട്രേറ്റ് കോടതിക്ക് വിശദാംശങ്ങള്‍ നല്കാന് കേന്ദ്രം
മുംബൈ : ഇന്ത്യയിലെത്തിയാല്‍ വിജയ് മല്യയെ കാത്തിരിക്കുന്നത് ജയിലില്‍ കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിരുന്ന കേന്ദ്രം. മല്യയെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ആര്‍തര്‍ റോഡ് ജയിലിലെ 12-ആം നമ്പര്‍ ബാരക്ക്. അജ്മല്‍ കസബ് ഉള്‍പ്പെടെ കൊടുംകുറ്റവാളികളെ പാര്‍പ്പിച്ച കേന്ദ്രമാണിത്.
കൊടുംകുറ്റവാളികളെയോ, അതീവ സുരക്ഷാപ്രാധാന്യമുള്ള കുറ്റാരോപിതരെയോ ആണു 12-ാം നമ്പര്‍ ബാരക്കില്‍ പാര്‍പ്പിക്കുക. രണ്ടുനിലകളിലായി എട്ടു െസല്ലുകളാണിവിടെ. സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി അതീവ ജാഗ്രതയുണ്ടാകും. കട്ടികുറഞ്ഞ കിടക്ക, കിടക്കവിരി, തലയണ, പ്ലേറ്റ്, ഗ്ലാസ് എന്നിവ നല്‍കും. ഇന്ത്യയിലെത്തിച്ചാല്‍ തന്നെ പീഡിപ്പിക്കുമെന്നുള്ള മല്യയുടെ വാദത്തെ തുടര്‍ന്നു മൂന്നാഴ്ചയ്ക്കകം ആര്‍തര്‍ റോഡ് ജയിലിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ബ്രിട്ടനിലെ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
കാറ്റും വെളിച്ചവും കടക്കുന്ന വിധമാണു നിര്‍മിതി. ഓരോ സെല്ലിലും ജനലുകളും ചേര്‍ന്ന്, യൂറോപ്യന്‍ ക്ലോസറ്റ് ഉള്ള ശുചിമുറിയും വസ്ത്രങ്ങള്‍ കഴുകാനുള്ള സ്ഥലവുമുണ്ട്. ജയിലിലെ മറ്റു ശുചിമുറികള്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ്. മുംബൈ സ്ഫോടന പരമ്പരക്കേസില്‍ പ്രതിയായിരുന്ന നടന് സഞ്ജയ് ദത്ത്, ഷീന ബോറ കൊലക്കേസ് പ്രതി സ്റ്റാര്‍ ഇന്ത്യ മുന്‍മേധാവി പീറ്റര്‍ മുഖര്‍ജി, പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ഫിനാന്‍സ് വിഭാഗം മേധാവിയും ധിരുഭായ് അംബാനിയുടെ സഹോദരപുത്രനുമായ വിപുല്‍ അംബാനി തുടങ്ങിയവര്‍ ഈ ബാരക്കില്‍ വിചാരണത്തടവുകാരായിരുന്നു. മജിസ്ട്രേറ്റ് കോടതി വിധി അനുകൂലമായാലും മല്യയെ ഇന്ത്യയിലെത്തിക്കുക എളുപ്പമാകില്ല. നാടുകടത്തല്‍ ഉത്തരവു വരാന്‍ രണ്ടുമാസം എടുക്കും. മേല്‍ക്കോടതിയില്‍ അപ്പീലിനും അവസരമുണ്ട്.
Discussion about this post