കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അട്ടിമറിക്കാന്‍ ഡിജിപിയും ഐജിയും ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്ത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. ഡിജിപിയും ഐജിയുമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതിന് പിന്നില്‍. ഇവരുടെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈ.എസ്.പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.
ബിഷപ്പിനെതിരായി പരമാവധി മൊഴികളും സാക്ഷികളും ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കടോതിയെ സമീപിക്കുമെന്നും കന്യാസ്ത്രീകള്‍ അറിയിച്ചു.
അന്വേഷണം അസാനഘട്ടത്തിലാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതിനിടെ അന്വേഷണം ക്രൈബ്രാഞ്ചിന് വിടുന്നത് സംബന്ധിച്ച് ഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി. രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്പിയോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം നടക്കുന്നത്.
Discussion about this post