റാഫേല്‍ ഇടപാടിന്റെ കരാര്‍ യു.പി.എ സര്‍ക്കാര്‍ ഒപ്പിടാതിരുന്നത് റോബര്‍ട്ട് വദ്രയുടെ കമ്പനിയെ ഇടനിലക്കാരനാക്കാന്‍ സാധിക്കാത്തത് കൊണ്ടായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുന്ന റാഫേല്‍ ഇടപാട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്താരാഷ്ട്ര തലത്തില്‍ ശ്രമിക്കുന്നുണ്ടെന്ന് ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞു.
നിലവിലുള്ള റാഫേല്‍ കരാര്‍ അട്ടിമറിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത് തന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വദ്രയുടെ ഒരു കമ്പനിയെ രക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ കമ്പനിയെ ഇടനിലക്കാരനാക്കാന്‍ സാധിക്കാത്തത് മൂലമാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ കരാറില്‍ ഒപ്പിടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദും കരാര്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ആയുധ ഇടപാടുകാരന് സഞ്ജയ് ഭന്ധാരിയുമായി റോബര്‍ട്ട് വദ്രയ്ക്ക് ബന്ധമുണ്ടെന്നും ആയുധങ്ങളുടെ എക്സ്പോകളില് ഇവരെ കണ്ട് വരാറുണ്ടെന്നും ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞു. ഇതുവരെ ഇവര്‍ക്ക് ഒരു വലിയ കരാറിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും റാഫേല്‍ വിവാദത്തിന് അന്താരാഷ്ട്ര മാനം നല്‍കിയിരുന്നു. രാഹുലിന്റെ പ്രധാനമന്ത്രിയുടെ വിമര്‍ശനവും ഒളാന്ദിന്റെ ആരോപണങ്ങളും യാദൃശ്ചികമല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post