ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയിരിക്കുന്നുവെന്ന പേരില്‍ പുസ്തകത്തിന്റെ പ്രസാധനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതിയാണ് പ്രിയങ്കാ പഥക് നരേയ്ന് എഴുതിയ ‘ഗോഡ്മാന് ടു ടൈക്കൂണ്‍’ എന്ന പുസ്തകം വിവാദ പരാമര്ശങ്ങളൊഴിവാക്കാതെ പ്രസിദ്ധീകരിക്കരുതെന്ന് ഉത്തരവിട്ടത്.
ബാബാ രാംദേവിനെ അപകീര്ത്തിപ്പെടുത്താനുള്ളതല്ല അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അനു മല്‍ഹോത്രയാണ് വിധി പുറപ്പെടുവിച്ചത്. ഇതിന് മുമ്പ് 2014ല്‍ ഇതേ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞിരുന്നു. എന്നാല്‍ ഈ വിധി പിന്നീട് ട്രയല്‍ കോടതി എടുത്ത് മാറ്റിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ പുതിയ വിധി വന്നത്.
ബാബാ രാംദേവിനെ ഒരു അതിമോഹിയായ വില്ലനായി പുസ്തകത്തില്‍ ചിത്രീകരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന് സാമൂഹിക ഔന്നത്യത്തോടെ പരിഗണിക്കപ്പെടാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ പുസ്തകം ഇവ പൊതു മണ്ഡലത്തില്‍ പ്രചരിക്കപ്പെട്ടാല്‍ നികത്താനാകാത്ത നഷ്ടമാണ് രാംദേവിനുണ്ടാവുക എന്നു കോടതി നിരീക്ഷിച്ചു. ഇത് കൂടാതെ സ്വാമി ശങ്കര്‍ ദേവ് ജിയുടെ തിരോധാനത്തെപ്പറ്റിയും സ്വാമി യോഗാനന്ദയുടെ കൊലപാതകത്തെപ്പറ്റിയും പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ ഭാഗങ്ങളും എടുത്ത് മാറ്റണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post