സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു സമൂഹ മാധ്യമ പോസ്റ്റ് ഷെയര്‍ ചെയ്ത അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനോട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. ഉദ്യോഗസ്ഥനെ എത്രയും വേഗം തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
കോട്ടയത്ത് കൊലപ്പെട്ട് കെവിന്റെ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരാളിട്ട പോസ്റ്റായിരുന്നു എന്‍.ജി.ഒ അസോസിയേഷന്റെ നേതാവും പൊതുമരാമത്ത് വകുപ്പിലെ ക്ലര്‍ക്കുമായ മധു ഷെയര്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് ജൂണ്‍ 28ന് മധുവിനെ നാല് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വേറെയൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഒരാളെ നാലു മാസമായി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്നു ട്രൈബ്യൂണല്‍ വിലയിരുത്തി.
കെവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് മുമ്പ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഒരാള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. ‘നിങ്ങള്‍ കൊന്നു തള്ളുന്നവര്‍ക്കു മാത്രം ജോലി കൊടുത്താല്‍ പിഎസ്സി പരീക്ഷ പാസായി ജോലിക്കു കാത്തിരിക്കുന്ന യുവതികളുടെ കാര്യം എന്താകും,’ എന്നായിരുന്നു പോസ്റ്റിലെ വിമര്‍ശനം. മധു ഈ പോസ്റ്റ് ഷെയര്‍ ചെയ്തപ്പോള്‍ മന്ത്രിയുടെ ഓഫീസില്‍ ഒരു പരാതി ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മധുവിനെ സസ്പെന്‍ഡ് ചെയ്തത്.
അതേസമയം സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ ക്രമവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് സംഘടനാ നേതാവ് അടക്കം മൂന്നുപേരെ മന്ത്രി ജി.സുധാകരന് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിറക്കിയിരുന്നു. ഇത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് റദ്ദാക്കുകയായിരുന്നു.
Discussion about this post