ജയ്പൂര്‍: സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ശരദ് യാദവിനെതിരെ രൂക്ഷപരാമര്‍ശവുമായി രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരെ രാജെ. ശരദ് യാദവ് തന്നെ അപമാനിച്ചെന്നും ബോഡി ഷേമിങ് നടത്തിയെന്നും വസുന്ധര രാജെ ആരോപിച്ചു.വസുന്ധര രാജെ ക്ഷീണിതയാണ്, നിങ്ങളൊന്ന് റെസ്റ്റ് എടുക്കൂ. അത്യാവശ്യം ശരീരഭാരമുള്ള അവര്‍ ഇപ്പോള്‍ മെലിഞ്ഞിരിക്കുന്നു. തടി കുറയ്ക്കണം ‘ എന്നായിരുന്നു ശരദ് യാദവ് പറഞ്ഞത്.രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് കാമ്പയിനിടെയായിരുന്നു ശരദ് യാദവിന്റെ പ്രസ്താവന.
‘അദ്ദേഹം ഞാനുമായും എന്റെ കുടുംബവുമായും അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. എന്നിട്ടും എന്നെ കുറിച്ച് അദ്ദേഹം മോശമായി സംസാരിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ യുവാക്കള്‍ മാതൃകയാക്കി എടുത്താല്‍ എങ്ങനെ ഇരിക്കും. ഇത് ഇന്ത്യയിലെ സ്ത്രീകളെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. – ജലന്ധറില്‍ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിടെ വസുന്ധരെ രാജെ പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ താന്‍ ആരേയും അപമാനിക്കണമെന്ന് കരുതി നടത്തിയ പ്രസ്താവനയല്ല അതെന്നും വെറും തമാശ രൂപേണ ഒരു കാര്യം പറഞ്ഞതാണെന്നും ശരദ് യാദവ് വ്യക്തമാക്കി. അവരെ അപമാനിക്കണമെന്ന് ഞാന്‍ കരുതിയിട്ടില്ല. അവരെ നേരിട്ട് കാണുമ്പോഴും വണ്ണം കുറയ്ക്കണമെന്ന കാര്യം പറയാറുണ്ട്. എങ്ങനെയാണ് അത് അപമാനമാകുന്നത്. ഒരു നല്ല സുഹൃത്ത് എന്ന രീതിയാണ് പറഞ്ഞത്. ശരദ് യാദവ് പറഞ്ഞു.
Discussion about this post