കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ സ്വാധീനം ശക്തമാക്കിയിരിക്കുന്ന പബ്ജി ഓണ്‍ലൈന്‍ ഗെയിം കുട്ടികളുടെ മാനസിക നിലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട് . പഠനം ഉഴപ്പുകയും അക്രമവാസന പ്രകടിപ്പിക്കുന്ന മാനസിക നിലയിലേക്ക് മാറുകയും ചെയ്യുന്ന സ്ഥിതി സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് ഓണ്‍ലൈന്‍ ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തി .
കുട്ടികളില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്താനുള്ള മാനസിക നിലയുണ്ടാകുന്നത് ഉള്‍പ്പടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പബ്ജി ഗെയിം നിരോധിക്കാന്‍ ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ ഗെയിം നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്കി .
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു പ്രാഥമിക സര്‍ക്കുലര്‍ വിദ്യാഭ്യാസവകുപ്പ് പുറത്ത് ഇറക്കിയിരികുന്നത് . പ്രൈമറി സ്കൂളുകളില്‍ ഈ ഗെയിം പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്തുവാനാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം .
പരീക്ഷയില്‍ തോല്‍ക്കുന്നുവെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ഗെയിം നിരോധനം ആവശ്യപ്പെട്ടുകൊണ്ട് ജമ്മു കാശ്മീരില്‍ വിദ്യാര്‍ഥിസംഘടന മുന്നോട്ടു വന്നിരുന്നു . ഡല്‍ഹിയിലെ സൂരജ് എന്ന വിദ്ധ്യാര്‍ഥി മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തിയതിന് പിന്നില്‍ കളിയിലുള്ള ഹരമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു . കൂടാതെ ഗുജറാത്ത് ബാലാവകാശ സംഘടനയുടെ ചെയര്‍പേഴ്സണായ ജാഗ്രിതി പാണ്ഡ്യ രാജ്യവ്യാപകമായി പബ്ജി നിരോധിക്കണമെന്ന് ആവശ്യവുമായി എല്ലാ സംസ്ഥാനങ്ങളിലേക്കും കത്തയച്ചിരുന്നു .
Discussion about this post