പിറവം പള്ളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ഡിവിഷന് ബഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ആനി ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
പിറവം പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടു കൊടുക്കണമെന്നുള്ള സുപ്രിം കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി ഡിവിഷന് ബഞ്ചിന് മുന്നിലെത്തിയിരുന്നു. ഈ സമയത്ത് ആയിരുന്നു പിന്മാറ്റം. ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ മൂന്നാമത്തെ ബഞ്ച് കഴിഞ്ഞ വെള്ളിയാഴ്ച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
ഇതിന് മുമ്പ് ജസ്റ്റിസ് പി ആര് രാമചന്ദ്ര മേനോന്, ജസ്റ്റിസ് ദേവന് രാമചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചും. ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ഡിവിഷന് ബെഞ്ചും പിന്മാറിയിരുന്നു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് വക്കീലായിരിക്കെ സഭാതര്‍ക്കം സംബന്ധിച്ച കേസില്‍ ഒരു വിഭാഗത്തിനായി ഹാജരായിട്ടുണ്ടെന്ന വാദം യാക്കോബായ വിഭാഗം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആദ്യ ബെഞ്ചിന്റെ പിന്മാറ്റം.
ജസ്റ്റിസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരത്തെ ഹാജരായതാണെന്ന് ചൂണ്ടികാട്ടിയതിനെ തുടര്‍ന്നായിരുന്നു രണ്ടാമത്തെ ബെഞ്ചിന്റെ പിന്മാറ്റം. യാക്കോബായ വിഭാഗം അഭിഭാഷകനായിരുന്നു ഇക്കാര്യം കോടതിയെ അറിയിച്ചത്. ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഡിവിഷന് ബെഞ്ചിന്റെ പിന്മാറ്റം. രണ്ട് ബഞ്ചുകള്‍ പിന്മാറ്റത്തിന് കാരണം വ്യക്തമാക്കാതെയാണ് പിന്‍വാങ്ങിയത്. ഇനി ഏത് ബഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
Discussion about this post