ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. സുപ്രീം കോടതിയില്‍ നല്കിയ സാവകാശ ഹര്‍ജിയ്ക്ക് പ്രസക്തിയുണ്ടെന്ന് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് മുന്‍പ് കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു.
ഇത് കൂടാതെ താനും ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവുമായി കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഭിപ്രായ വ്യത്യാസമില്ല. മുന്‍പ് പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതിയില്‍ പരിഗണിച്ചപ്പോള്‍ യുവതി പ്രവേശന വിഷയത്തെ അനുകൂലിച്ച് കൊണ്ട് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തപ്പോള്‍ അക്കാര്യം താനറിഞ്ഞില്ലെന്ന് പത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് നിലപാടെടുത്തില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പ്രസ്താവന നടത്തിയിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാഷ്ട്രീയ നോമിനിയാണെങ്കിലും സ്ഥാനമേറ്റെടുത്താല്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നാണ് പതിവ് രീതിയെന്ന് പത്മകുമാര്‍ പറഞ്ഞു.
അതേസമയം ദേവസ്വം പ്രസിഡന്റിനെ താഴെയിറക്കാന്‍ നീക്കമുണ്ടെന്ന വാര്‍ത്തയോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചു. നിലവില്‍ പത്മകുമാറിനെ മാറ്റാന്‍ നീക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post